'ജി സുധാകരന്‍റെ പോക്കിനെ പുച്ഛിച്ച് തള്ളുന്നു, പുറത്ത് പോയാൽ എം എം മണി പറഞ്ഞത് പോലെ'; സുധാകരന് എതിരെ വസീഫ്

'സുധാകരന് പിന്നില്‍ കോണ്‍ഗ്രസോ മറ്റാരെങ്കിലുമോ ഉണ്ടോ എന്ന് വരും ദിവസങ്ങളില്‍ മനസിലാക്കേണ്ട കാര്യമാണ്'

കോഴിക്കോട്: ജി സുധാകരന്റെ പോക്കിനെ പുച്ഛിച്ച് തള്ളുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. സുധാകരന് പിന്നില്‍ കോണ്‍ഗ്രസോ മറ്റാരെങ്കിലുമോ ഉണ്ടോ എന്ന് വരും ദിവസങ്ങളില്‍ മനസിലാക്കേണ്ട കാര്യമാണെന്നും പാര്‍ട്ടിയില്‍ ഈ പോക്ക് ഒരു ചലനവുമുണ്ടാക്കില്ലെന്നും വസീഫ് വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയാല്‍ എം എം മണി പറഞ്ഞത് പോലെയാണെന്നും വസീഫ് കൂട്ടിച്ചേര്‍ത്തു.

പാർട്ടി വിട്ടാൽ ജി സുധാകരൻ വെറും ശൂ ആണെന്നും പാർട്ടിയിൽ ആരെയും കെട്ടിയിട്ടിട്ടില്ലയെന്നും സുധാകരൻ വെല്ലുവിളിയാകില്ലയെന്നുമായിരുന്നു എം എം മണിയുടെ പ്രതികരണം.

ജി സുധാകരൻ മത്സരിച്ചാലും പാർട്ടിക്ക് ഒരു കോപ്പും ഇല്ല. പാർട്ടിക്ക് കാര്യങ്ങൾ നോക്കാൻ അറിയാം. സുധാകരനെ പാർട്ടി മന്ത്രി വരെയാക്കിയെന്നും എം എം മണി പറഞ്ഞു. പാർട്ടിയിൽ നിന്ന് പോയാൽ പോട്ടെന്നു വെയ്ക്കും അയ്യോ മോനെ പോകല്ലേ എന്ന് പറയില്ലയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമ്പലപ്പുഴയില്‍ സിപിഐഎമ്മിന് വെല്ലുവിളി ഉയര്‍ത്തി ജി സുധാകരന്‍ രംഗത്തെത്തി. അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.

Content Highlight; DYFI State President V Vaseef says he despises G Sudhakaran's move

To advertise here,contact us