റിപ്പോർട്ടർ സർവേയിൽ മികച്ച എംഎൽഎ റേറ്റിങ്ങിൽ വി കെ പ്രശാന്തിന് രണ്ടാം റാങ്ക്

ആര്യാ രാജേന്ദ്രനു മുന്‍പ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവി വി കെ പ്രശാന്തിന് സ്വന്തമായിരുന്നു

കൊച്ചി: റിപ്പോർട്ടർ ഇലക്ഷൻ സർവേയിൽ മികച്ച എംഎൽഎമാരുടെ റേറ്റിങ്ങിൽ വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിന് രണ്ടാം റാങ്ക്. 89 റേറ്റിങ്ങോടെയാണ് വി കെ പ്രശാന്ത് മികച്ച എംഎൽഎമാരുടെ പട്ടികയിൽ രണ്ടാമതെത്തിയത്. തിരുവനന്തപുരം നഗരസഭയുടെ 'മേയര്‍ ബ്രോ'യില്‍ നിന്ന് വട്ടിയൂര്‍ക്കാവിന്റെ ജനപ്രിയ എംഎല്‍എയിലേക്കുളള വി കെ പ്രശാന്തിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. 2019ലെ ഉപതെരഞ്ഞെടുപ്പിലായിരുന്നു കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ വട്ടിയൂർക്കാവിൽ അട്ടിമറി വിജയം നേടി വി കെ പ്രശാന്ത് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 2021ലെ തെരഞ്ഞെടുപ്പിൽ വി കെ പ്രശാന്ത് വട്ടിയൂർക്കാവിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

2016-ലെ പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെയാണ് വി കെ പ്രശാന്ത് ശ്രദ്ധേയനാകുന്നത്. രാഷ്ട്രീയത്തിന് അതീതമായി യുവാക്കളെയും സന്നദ്ധ പ്രവര്‍ത്തകരെയും ഒരുമിച്ചുചേര്‍ത്തുളള പ്രവര്‍ത്തന മികവ് വി കെ പ്രശാന്ത് എന്ന ഭരണാധികാരിയെ ജനങ്ങളോട് ഏറെ അടുപ്പിച്ചു. ആര്യാ രാജേന്ദ്രന് മുന്‍പ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവി വി കെ പ്രശാന്തിന് സ്വന്തമായിരുന്നു. 34-ാം വയസിലാണ് പ്രശാന്ത് തലസ്ഥാനത്തെ മേയറായത്.

തിരുവനന്തപുരം മേയറായിരിക്കെ പ്രളയസമയത്തും മറ്റും വി കെ പ്രശാന്ത് നടത്തിയ ക്രിയാത്മകമായ ഇടപെടലുകളാണ് അദ്ദേഹത്തെ യുവാക്കളുടെ മേയര്‍ ബ്രോ ആക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ യുവാക്കളെയും സന്നദ്ധ പ്രവര്‍ത്തകരെയും ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹം കാട്ടിയ മികവ് ശ്രദ്ധിക്കപ്പെട്ടു. ലോഡ് കണക്കിന് ദുരിതാശ്വാസ സാമഗ്രികള്‍ പ്രളയബാധിത പ്രദേശങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്നും അയക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി.

യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന് കരുതിയിരുന്ന വട്ടിയൂര്‍ക്കാവില്‍ 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി കെ പ്രശാന്ത് വിജയിച്ചത്. തുടര്‍ച്ചയായി യുഡിഎഫ് വിജയിച്ചിരുന്ന മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ലോക്‌സഭയിലേക്ക് മത്സരിക്കാനായി വടകരയിലേക്ക് പോയതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തുടര്‍ന്ന് 2021-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവുകാര്‍ തെരഞ്ഞെടുത്തത് വി കെ പ്രശാന്തിനെയായിരുന്നു. 21,515 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് ഭരണം നിലനിര്‍ത്തിയത്.

1981 ഏപ്രില്‍ 11-ന് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് എസ് കൃഷ്ണന്‍, ജെ വസന്ത എന്നിവരുടെ മകനായി ജനിച്ച വി കെ പ്രശാന്ത് ബിഎ എല്‍എല്‍ബി ബിരുദധാരിയാണ്. എസ്എഫ്‌ഐയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. കഴക്കൂട്ടം സെന്റ് സേവ്യേഴ്‌സ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. 2005-ല്‍ 24-ാം വയസില്‍ കഴക്കൂട്ടം ഗ്രാമപഞ്ചായത്തിലേക്ക് കരിയില്‍ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം വാര്‍ഡില്‍ നിന്നും കോര്‍പ്പറേഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിച്ചു.

കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സർവേയാണ് റിപ്പോർട്ടർ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവർണ്ണാവസരമാണ് റിപ്പോർട്ടർ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സർവേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സർവ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സർവേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.

സർവേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.

Content Highlights: reporter online survey Vattiyoorkavu MLA V K Prasanth become second position

To advertise here,contact us