കൊച്ചി: കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന സൂചനകളുമായി റിപ്പോർട്ടർ ഓൺലൈൻ ഇലക്ഷൻ സർവേ. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മുന്നിൽ പിണറായി വിജയനാണെങ്കിലും തെട്ടുപിന്നിലായി കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും വി ഡി സതീശനും ഇടം നേടിയിട്ടുണ്ട്. ഭരണത്തിൽ എൽഡിഎഫ് തുടരുമെന്ന് 44.23 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ യുഡിഎഫ് ഭരണം പിടിക്കുമെന്ന് 43.31 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. എൻഡിഎ അധികാരത്തിൽ വരുമെന്ന് 11.76 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 0.7 ശതമാനം പേർ മറ്റുള്ളവർ അധികാരത്തിൽ എത്തുമെന്നാണ് അഭിപ്രായപ്പെട്ടത്.
റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ ഏറ്റവും മികച്ച റേറ്റിങ്ങ് ലഭിച്ച എംഎല്‍എയായി മാവേലിക്കര എംഎല്‍എ അരുണ്‍കുമാര്‍. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് രണ്ടാം സ്ഥാനത്തും കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ മൂന്നാം സ്ഥാനത്തുമെത്തി. അഴീക്കോട് എംഎല്‍എ കെ വി സുമേഷാണ് നാലാം സ്ഥാനത്തെത്തിയത്. ഹരിപ്പാട് എംഎല്‍എയായ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് അഞ്ചാം സ്ഥാനം. സര്‍വേയില്‍ ആദ്യ സ്ഥാനത്തെത്തിയ യുഡിഎഫ് എംഎല്‍എയും രമേശ് ചെന്നിത്തലയാണ്.
കെ ബി ഗണേഷ് കുമാര്‍, എം വിജിന്, വി ശിവന്‍കുട്ടി, പിണറായി വിജയന്, ചാണ്ടി ഉമ്മന്‍, പി എ മുഹമ്മദ് റിയാസ്, നജീബ് കാന്തപുരം എന്നിവരാണ് യഥാക്രമം ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിലെത്തിയത്. ഇതില്‍ പിണറായി വിജയനും ചാണ്ടി ഉമ്മനും ഒമ്പതാം റാങ്കും മുഹമ്മദ് റിയാസും നജീബ് കാന്തപുരവും പത്താം റാങ്കും പങ്കിട്ടു. ആദ്യ പത്ത് റാങ്കിലെ എട്ട് എംഎല്‍എമാര്‍ സിപിഐഎം എംഎല്‍എമാരാണ്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും, ഒരു കേരള കോണ്‍ഗ്രസ് ബി എംഎല്‍എയും ഒരു മുസ്ലിം ലീഗ് എംഎല്‍എയുമാണ് ആദ്യ പത്തിലെത്തിയ എംഎല്‍എമാരില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഉള്‍പ്പെടുന്നത്. ഏറ്റവും കൂടുതല്‍ പേര് തെരഞ്ഞെടുത്തത് യുവ എംഎല്എമാരെയാണെന്നതും ശ്രദ്ധേയമാണ്.
യുഡിഎഫിന്റെ കെ ബാബു, എല്‍ദോസ് കുന്നപ്പിള്ളി, യു എ ലത്തീഫ്, ഐ സി ബാലകൃഷ്ണന്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നീ എംഎല്‍എമാരാണ് അവസാനമെത്തിയ അഞ്ച് എംഎല്‍എമാര്‍.
എം എസ് അരുണ്‍കുമാര്‍, വി കെ പ്രശാന്ത്, കെ യു ജനീഷ് കുമാര്‍, കെ വി സുമേഷ്, കെ ബി ഗണേഷ് കുമാര്‍, എം വിജിന്, വി ശിവന്‍കുട്ടി, പിണറായി വിജയന്, പി എ മുഹമ്മദ് റിയാസ്, ലിന്റോ ജോസഫ് എന്നിവരാണ് സര്‍വേയില്‍ മുന്നിലെത്തിയ ആദ്യ പത്ത് എല്‍ഡിഎഫ് എംഎല്‍എമാര്‍. രമേശ് ചെന്നിത്തല, ചാണ്ടി ഉമ്മന്‍, നജീബ് കാന്തപുരം, വി ഡി സതീശന്, പി കെ കുഞ്ഞാലിക്കുട്ടി, സി ആര് മഹേഷ്, ടി സിദ്ദിഖ്, റോജി എം ജോണ്‍, കെ കെ രമ, എ കെ എം അഷ്റഫ് എന്നിവരാണ് ആദ്യ പത്തിലെത്തിയ യുഡിഎഫ് എംഎല്‍എമാര്‍. വനിതാ എംഎല്‍എമാരില്‍ ഏറ്റവും മികച്ച റാങ്ക് നേടിയത് കെ കെ ശൈലജ എംഎല്‍എയാണ്. കെ കെ രമ എംഎല്‍എയും യു പ്രതിഭ എംഎല്‍എയും രണ്ടും മൂന്നും സ്ഥാനത്തെത്തി.
വോട്ടിനെ സ്വാധീനിക്കുന്ന വിഷയം
സര്‍വേയില്‍ ആറ് ചോദ്യങ്ങളാണ് ജനങ്ങള്‍ക്കായി റിപ്പോര്‍ട്ടര്‍ നല്‍കിയത്. തെരഞ്ഞെടുപ്പില്‍ വോട്ടിനെ സ്വാധീനിക്കുന്ന ഏറ്റവും സുപ്രധാന വിഷയമായി വികസനമാണ് ഏറ്റവും കൂടുതല്‍ പേര് തെരഞ്ഞെടുത്തത്. 36.18 ശതമാനം പേര് വികസനത്തെ വോട്ടിനെ സ്വാധീനിക്കുന്ന വിഷയമായി തെരഞ്ഞെടുത്തു. 15.13 ശതമാനം പേര് ക്ഷേമ പെന്‍ഷനും 15.62 പേര് വര്‍ഗീയ പരാമര്‍ശവും 9.86 ശതമാനം പേര് ശബരിമല സ്വര്‍ണക്കൊള്ള കേസും തെരഞ്ഞെടുത്തു. അഴിമതി- 8.5, പൊലീസ് നടപടികള്‍- 2.35, വന്യജീവി പ്രശ്നങ്ങള്‍- 1.03, സ്ഥാനാര്‍ത്ഥികളുടെ മികവ്- 2.69, ലൈംഗികാരോപണങ്ങള്‍- 4.5, മറ്റുള്ളവ- 4.14 എന്നിങ്ങനെയാണ് ജനം തെരഞ്ഞെടുത്തത്.
മുഖ്യമന്ത്രിയുടെ പ്രവർത്തനം
മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് വളരെ മികച്ചത് എന്ന ഉത്തരമാണ് ഏറ്റവും കൂടുതല്‍ പേര് തെരഞ്ഞെടുത്തത്. 31.54 ശതമാനം പേരാണ് വളരെ മികച്ചതെന്ന ഉത്തരം തെരഞ്ഞെടുത്തത്. 24.12 ശതമാനം പേര് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം മികച്ചതാണെന്നും രേഖപ്പെടുത്തി. എന്നാല്‍ 22.53 ശതമാനം പേരാണ് മോശം എന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 7.2 ശതമാനം പേര് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ശരാശരിയാണെന്നും 14.61 ശതമാനം പേര് വളരെ മോശമാണെന്നും അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനം
പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് 26.02 ശതമാനം പേര് മോശം എന്ന ഉത്തരമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ 24.45 ശതമാനം പേര് വളരെ മികച്ചതെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 19.79 ശതമാനം പേര് മികച്ചതെന്നും 12.63 ശതമാനം പേര് ശരാശരിയെന്നും 26.02 ശതമാനം പേര് മോശം എന്നും തെരഞ്ഞെടുത്തു. 17.11 ശതമാനം പേര് പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം മോശമാണെന്നും അഭിപ്രായപ്പെട്ടു.
മികച്ച മന്ത്രിയാര്?
ഇപ്പോഴത്തെ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയായി വി ശിവന്‍കുട്ടിയെയാണ് ജനം തെരഞ്ഞെടുത്തത്. 14.5 ശതമാനം പേരാണ് വി ശിവന്‍കുട്ടിയെ മികച്ച മന്ത്രിയായി തെരഞ്ഞെടുത്തത്. പിന്നാലെ പി രാജീവും കെ ബി ഗണേഷ് കുമാറും രണ്ടും മൂന്നും സ്ഥാനത്തെത്തി. എ കെ ശശീന്ദ്രനെയാണ് ഏറ്റവും കുറവ് ശതമാനം മികച്ച മന്ത്രിയായി തെരഞ്ഞെടുത്തത്. 0.17 ശതമാനം പേരാണ് എ കെ ശശീന്ദ്രനെ മികച്ച മന്ത്രിയായി തെരഞ്ഞെടുത്തത്. 14.31 ശതമാനം പേരാണ് മികച്ച മന്ത്രിയാരെന്ന ചോദ്യത്തിന് അഭിപ്രായമില്ലെന്ന ഉത്തരം രേഖപ്പെടുത്തിയത്.
അടുത്ത മുഖ്യമന്ത്രി ആരാകണം
അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ പേര് തെരഞ്ഞെടുത്തത് പിണറായി വിജയനെയാണ്. 22.3 ശതമാനം പേരാണ് പിണറായി വിജയന് തന്നെ മുഖ്യമന്ത്രിയായി വരണമെന്ന് വോട്ട് ചെയ്തത്. രണ്ടാമതായി രമേശ് ചെന്നിത്തലയെയാണ് തെരഞ്ഞെടുത്തത്. 17.34 ശതമാനം പേരാണ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയായി വരണമെന്ന് അഭിപ്രായപ്പെട്ടത്. തൊട്ടുപിന്നാലെ 17.18 ശതമാനം പേര് വി ഡി സതീശന് മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. 13.61 പേരാണ് കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് രേഖപ്പെടുത്തിയത്. എം വി ഗോവിന്ദന്, പി രാജീവ്, കെ സി വേണുഗോപാല്‍, ശശി തരൂര്‍, രാജീവ് ചന്ദ്രശേഖര്‍, കെ സുരേന്ദ്രന്, സുരേഷ് ഗോപി, ശോഭാ സുരേന്ദ്രന് എന്നിവരെയാണ് മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് റിപ്പോര്‍ട്ടര്‍ നല്കിയ മറ്റ് ഓപ്ഷനുകള്‍.
ഏത് മുന്നണി അധികാരത്തില്‍ വരണം?
ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണമെന്ന ചോദ്യത്തിന് നേരിയ വ്യത്യാസത്തിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുക്കപ്പെട്ടത്. 44.23 ശതമാനം പേര് എല്‍ഡിഎഫ് വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ 43.31 ശതമാനം പേര് യുഡിഎഫ് വരണമെന്ന് അഭിപ്രായം രേഖപ്പെടുത്തി. എന്‍ഡിഎയെ 11.76 ശതമാനം പേര് തെരഞ്ഞെടുത്തു.
കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന് സര്‍വേയാണ് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവര്‍ണ്ണാവസരമാണ് റിപ്പോര്‍ട്ടര്‍ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സര്‍വ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
സര്‍വേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്. വിശദമായ ഫലം റിപ്പോർട്ടർ ഓണ്‍ലൈന്‍ ഇലക്ഷന് സർവേ പേജില്‍ അറിയാം.
Content Highlights: Reporter election survey majority says Pinarayi Vijayan will become next CM in Kerala