കൊച്ചി: പ്രിയപ്പെട്ട മാവേലിക്കരയിലെ ജനം തനിക്കൊപ്പമുണ്ടെന്നും വളരെയേറെ സന്തോഷമുണ്ടെന്നും റിപ്പോര്‍ട്ടര്‍ സര്‍വേയില്‍ മികച്ച എംഎല്‍എമാരുടെ റേറ്റിങില്‍ ഒന്നാം റാങ്കിലെത്തിയ മാവേലിക്കര എംഎല്‍എ എം എസ് അരുണ്‍കുമാര്‍. എല്ലാവരോടും സഹകരിച്ച്, അവരെ പരിഗണിച്ച് സൗമ്യമായി മുന്നോട്ടുപോകണമെന്നാണ് പാര്‍ട്ടി എപ്പോഴും പറയാറുള്ളതെന്നും അതിനനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം എസ് അരുണ്‍കുമാറിന്റെ വാക്കുകള്‍
ഏറ്റവും പ്രിയപ്പെട്ട മാവേലിക്കരയിലെ ജനങ്ങള്‍ക്ക് രാഷ്ട്രീയത്തിനതീതമായ സ്നേഹം എന്നോടുണ്ടായിട്ടുണ്ട്. വ്യക്തിപരമായ ശത്രുത ഒന്നുമില്ല. പറയുന്നത് പ്രാവര്‍ത്തികമാക്കി. പാര്‍ട്ടി എപ്പോഴും പറയാറ് എല്ലാവരോടും സഹകരിച്ച്, അവരെ പരിഗണിച്ച്, സൗമ്യമായി മുന്നോട്ടു പോകണമെന്നാണ്. അതിനനുസരിച്ചാണ് മുന്നോട്ട് പോകുന്നത്.
89.6 സ്കോര്‍ നേടിയാണ് അരുണ്‍കുമാര്‍ ഒന്നാമതെത്തിയത്. മികച്ച എംഎൽഎയെ തെരഞ്ഞെടുക്കാനുള്ള സർവേയിലെ പത്ത് മാനദണ്ഡങ്ങളിലും മികച്ച റേറ്റിംഗ് നേടിയാണ് എം എസ് അരുൺകുമാർ ഒന്നാം റാങ്ക് നേടിയത്.
മികച്ച നവാഗത നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്കാരം നേരത്തെ അരുണ്‍കുമാറിന് ലഭിച്ചിരുന്നു. പിന്നാലെ തൊഴിലുറപ്പിലെ അമ്മമാര്‍ എംഎല്‍എയെ ആദരിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. തൊഴിലുറപ്പുകാര്‍ തങ്ങളുടെ എംഎല്‍എയെ ആദരിക്കുന്നത് കൊണ്ട് മാത്രമായിരുന്നില്ല അത് ശ്രദ്ധിക്കപ്പെട്ടത്. അതിലൊരാള്‍ അരുണ്‍കുമാറിന്റെ അമ്മ കൂടിയായിരുന്നു.
നിയമസഭയിലെ പല പ്രസംഗങ്ങളിലൂടെയും അരുണ്‍ കുമാര്‍ മറ്റ് മണ്ഡലങ്ങളിലെ ജനങ്ങള്‍ക്കും സ്വീകാര്യനായിട്ടുണ്ട്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അരുണ്‍ കുമാര്‍ എംഎൽഎ എന്ന നിലയിൽ മികച്ചൊരു ജനസേവകനാണെന്ന് കൂടി തൻ്റെ പ്രവർത്തനങ്ങളിലൂടെ ഇതിനകം എം എസ് അരുൺകുമാർ തെളിയിച്ചിട്ടുണ്ട്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠനം അവസാനിപ്പിക്കേണ്ട സാഹചര്യം വന്നത് ഒരിക്കല്‍ അരുണ്‍ കുമാര്‍ നിയമസഭയില്‍ വിവരിച്ചിരുന്നു. നാലാം ക്ലാസ് പാസായപ്പോള്‍ അഞ്ചാം ക്ലാസിലേക്ക് അയച്ച് പഠിപ്പിക്കാനുള്ള സാഹചര്യം അരുണ്‍ കുമാറിന്റെ അച്ഛനില്ലായിരുന്നു. പട്ടികജാതിയില്‍പ്പെട്ട പത്ത് വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് പഠിപ്പിക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പഠനം തുടരാന്‍ അദ്ദേഹത്തിന് സാധിക്കുകയായിരുന്നു. ഈ ഒരു അനുഭവം നിയമസഭയിൽ അരുണ്‍ കുമാര്‍ പങ്കുവെച്ചത് ശ്രദ്ധേയമായിരുന്നു.
1989 ഏപ്രില്‍ 23ന് ജനിച്ച അരുണ്‍ കുമാര്‍ കറ്റാനം പോപ്പ് പയസ്സ് ഹൈസ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അരുണ്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അച്ഛന്റെ വിയോഗം. പിന്നീട് പഠനവും ജോലിയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയി. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായി. കോളേജ് യൂണിയന് ചെയര്‍മാനും എസ്എഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റുമായി. നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 71743 വോട്ടുകള്‍ നേടിയാണ് അരുണ്‍ കുമാര്‍ വിജയിച്ചത്. 24717 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ കെ കെ ഷാജുവിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. വീണ്ടും മാവേലിക്കരയിൽ അരുണ്‍ കുമാറിനെ തന്നെയാണ് സിപിഐഎം വീണ്ടും പരിഗണിക്കുന്നത്.
Content Highlights: ms arunkumar on reporter mega pre poll survey results