തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീപാത 66ന്റെ ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ക്ഷണിക്കാതെ അങ്ങേയറ്റത്തെ മര്യാദകേടാണ് പിഎംഒയും കേന്ദ്ര സർക്കാരും കാണിച്ചതെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം ബി രാജേഷ്.
പ്രധാനമന്ത്രി ഒരു പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെയും ക്ഷണിക്കുക എന്നതാണ് സാധാരണ നടപടിക്രമം. മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് അദ്ദേഹത്തോടോ സംസ്ഥാന സർക്കാരിനോടോ മാത്രമുള്ള മര്യാദകേടല്ല, മതനിരപക്ഷ കേരളത്തോടുള്ള പ്രധാനമന്ത്രിയുടെ വെല്ലുവിളിയും അപമാനവുമാണ്. കേരളത്തെയാകെ അപമാനിച്ചിരിക്കുകയാണ്. ഇതിന് കേരളത്തിലെ ജനങ്ങൾ മറുപടി പറയുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു
24മണിക്കൂറു മുമ്പാണ് തനിക്ക് ക്ഷണം ലഭിച്ചത്. അവസാന നിമിഷം ലഭിച്ച ക്ഷണമായതിനാൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഒഴിവാക്കേണ്ടെന്ന് തീരുമാനിച്ചു. കഴിഞ്ഞ തവണ പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി നിശ്ചയിച്ചത് തന്നെയാണ്. പിഎംഒയും തന്നെ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് അനുവദിച്ച പ്രത്യേക പാസുമായി എത്തിയ തന്നോട് എസ്പിജി ഉദ്യോഗസ്ഥർ ആധാർ കാർഡ് ആവശ്യപ്പെട്ടു. അത് ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്രത്യേക പാസിന് പുറമേ ആധാർ കാർഡ് ചോദിച്ചതോടെ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് അവരെ അറിയിച്ചു. ഇതോടെ സംസ്ഥാന പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ ഇടപെടുകയും വാക്കുതർക്കമാകുകയും ചെയ്തു.
പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരും മന്ത്രി ബഹിഷ്കരിക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയച്ചതോടെയാണ് എസ്പിജി ആധാർ വേണമെന്ന വ്യവസ്ഥ ഉപേക്ഷിച്ചത്. ഈ സമീപനത്തിന് നിന്നുകൊടുക്കാൻ സൗകര്യമില്ലാത്തതിനാൽ ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എം ബി രാജേഷ് പ്രതികരിച്ചു.
ബിജെപിയുടെ സങ്കുചിത രാഷ്ട്രീയമാണിതെന്നും അദ്ദേഹം പറഞ്ഞു. നികുതി പണം രാഷ്ട്രീയപ്രരണത്തിന് ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
Content highlights: Minister MB Rajesh response on not inviting PA Mohammed Riyas in NH Inauguration