'ശശി പോയാൽ 'ശശിക്ക് പോയി' എന്നല്ലാതെ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല'; പരിഹസിച്ച് എ വിജയരാഘവൻ

ഉയര്‍ന്ന കമ്മിറ്റിയില്‍ എടുത്താല്‍ പെട്ടെന്ന് താഴ്ന്ന കമ്മിറ്റിയിലേക്ക് വരുന്ന സാഹചര്യമാണ് ശശിയുടേത് എന്നും വിജയരാഘവന്‍ പറഞ്ഞു

പാലക്കാട്: പി കെ ശശിയെ പുറത്താക്കിയതിന് പിന്നാലെ വീണ്ടും പരിഹസിച്ച് സിപിഐഎം. പുറത്താക്കിയത് വലിയ നേതാവിനെയല്ല, ഒരു ബ്രാഞ്ച് അംഗത്തെ മാത്രമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു. ഉയര്‍ന്ന കമ്മിറ്റിയില്‍ എടുത്താല്‍ പെട്ടെന്ന് താഴ്ന്ന കമ്മിറ്റിയിലേക്ക് വരുന്ന സാഹചര്യമാണ് ശശിയുടേത് എന്നും വിജയരാഘവന്‍ പറഞ്ഞു.

അര നൂറ്റാണ്ടായിട്ടും തെറ്റ് തിരുത്താത്തവര്‍ക്ക് യോജിച്ച സ്ഥലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല, യുഡിഎഫാണ്. മണ്ണാര്‍ക്കാട് നിന്നും മത്സരിച്ചാല്‍ ശശി എംഎല്‍എ ആവില്ല. ശശി പോയാല്‍ 'ശശിക്ക് പോയി' എന്നല്ലാതെ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും എ വിജയരാഘവന്‍ പരിഹസിച്ചു.

അതേസമയം സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരായ ആരോപണത്തില്‍ പി കെ ശശിക്കെതിരെ സിപിഐഎം നിയമ നടപടി ആരംഭിച്ചു. പി കെ ശശിക്കെതിരെ നിയമ നടപടി ആരംഭിച്ചതായി പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു യോഗ്യതയുമില്ലാത്ത ആളെ ഇത്രയും കാലം ചുമന്നു എന്നൊരു തെറ്റാണ് പാര്‍ട്ടി ചെയ്തത്. എപ്പോഴെങ്കിലും ശശി നന്നാവുമെന്ന് കരുതി. പക്ഷെ നന്നായില്ല. അതുകൊണ്ടാണ് ഈ ഗതി വന്നത്. സ്വന്തം കണ്ണില്‍ കുന്തം കിടക്കുമ്പോള്‍ ആരാന്റെ കണ്ണിലെ കോല്‍ എടുക്കാന്‍ ശശി നോക്കേണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.

തെഹല്‍ക്കാ മാധ്യമം വഴി ജില്ലാ സെക്രട്ടറിയെ അപമാനിച്ചു എന്ന് ശശി പാര്‍ട്ടി യോഗത്തില്‍ ഏറ്റ് പറഞ്ഞു. തനിക്ക് ഒരിക്കലും പറ്റാന്‍ പാടില്ലാത്ത തെറ്റ് പറ്റിയെന്നും ജില്ലാ സെക്രട്ടറിയോട് വലിയ തെറ്റ് ചെയ്തുവെന്നും ശശി പറഞ്ഞു. ശശി കാണിച്ച പല കോലാഹലങ്ങളും അറിയാമെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.

Content Highlight; CPIM mocks again after sacking PK Sasi

To advertise here,contact us