തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണവുമായി ബന്ധപ്പെട്ടുള്ള വിവാദം ഒത്തുതീര്‍പ്പിലേയ്ക്ക്. ഗണേഷ് കുമാര്‍ തന്നെ വിളിച്ച് മാപ്പ് പറഞ്ഞതായി ഭാര്യ ബിന്ദു മേനോന് പ്രതികരിച്ചു. സംഭവത്തില്‍ താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനി മറ്റു ചര്‍ച്ചകളുടെ ആവശ്യമില്ലെന്നുമാണ് ബിന്ദു മേനോന്റെ നിലപാട്.
'മന്ത്രിയുടെ ഒരു കോള്‍ കാത്തിരുന്നു. തെറ്റ് ചെയ്താല്‍ സോറി പറയണമല്ലോ. എന്നാല്‍ അത് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് താന്‍ 112വില്‍ വിളിച്ചത് വട്ടുള്ളതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞത്. അതിനാലാണ് വൈകാരികമായി പ്രതികരിച്ചത്. ഇന്നലെ രാത്രിയോടെ മന്ത്രി വിളിച്ചു. ഞാന്‍ ഫോണ്‍ എടുക്കാത്തതിനാല്‍ ഹസ്ബെന്റ് എന്റെ സിസ്റ്ററോട് സംസാരിച്ചു. തെറ്റുപറ്റിപ്പോയെന്ന് വളരെ വൈകാരികമായിട്ടാണ് പറഞ്ഞത്', ബിന്ദു മേനോന് പറഞ്ഞു. നമുക്ക് തീര്‍ക്കാവുന്ന പ്രശ്നമേ ഉള്ളൂവെന്നും സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞതായി ബിന്ദു മേനോന് പറഞ്ഞു.
പരസ്യമായി മന്ത്രി ക്ഷമ പറയേണ്ടതില്ലല്ലോ. ഒരുമിച്ച് ജീവിക്കുന്നയാള്‍ താനല്ലേയെന്നും അവര്‍ ചോദിച്ചു. ഒരു പ്രശ്നവും ഇല്ലാതെ ഫോണ്‍ കോളിന് കാത്തിരുന്നത് ഹസ്ബന്റിനെ ഇഷ്ടമായതുകൊണ്ടാണെന്നും ബിന്ദു മേനോന് കൂട്ടിച്ചേര്‍ത്തു. കൊട്ടാരക്കര വാളകത്തെ വീടിന്റെ കിടപ്പുമുറിയില്‍ മന്ത്രിയെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതോടെ തന്നെ മന്ത്രിയുടെ സഹായികള്‍ തടഞ്ഞുവെന്നുമായിരുന്നു ബിന്ദു മേനോന്റെ ആരോപണം. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെയാണ് മന്ത്രി ഇപ്പോള്‍ ക്ഷമാപണം നടത്തിയിരിക്കുന്നത്.
Content Highlights: Ganesh Kumar apologies to wife bindhu Menon