ഗണേഷ് കുമാറിന്റെത് കുടുംബപ്രശ്‌നം, അതവര്‍ പരിഹരിച്ചു; സ്പീക്കര്‍ എ എന്‍ ഷംസീര്‍

മന്ത്രിക്കെതിരെ ഉള്ള ആരോപണം അടഞ്ഞ അധ്യായം ആണെന്നും സ്പീക്കര്‍

കോഴിക്കോട്: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നുവന്ന ആരോപണത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍. മന്ത്രിക്കെതിരെ ഉള്ള ആരോപണം അടഞ്ഞ അധ്യായം ആണെന്നും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് കുടുംബപ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. അത് അവര്‍ തന്നെ പരിഹരിച്ചുകഴിഞ്ഞെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

അവര്‍ വന്നുപറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്വാഭാവികമായി അവര്‍ തന്നെ അത് അവസാനിച്ചു കഴിഞ്ഞെന്നും പറഞ്ഞു. കുടുംബപ്രശ്‌നമൊന്നും രാഷ്ട്രീയ പ്രശ്‌നമായി മാറുമെന്ന് കരുതുന്നില്ല. മാത്രമല്ല അത് രാഷ്ട്രീയ പ്രശ്‌നമാക്കേണ്ട കാര്യവുമില്ല. ഇനി സഭയൊന്നും കൂടുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാനം ഉടന്‍ ഉണ്ടാകും. അതിന് ശേഷം കാര്യങ്ങള്‍ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സ്പീക്കര്‍ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം രാജിവെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിയത്. വിഷയം ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വിശദീകരിച്ചുവെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വിഷയം രാഷ്ട്രീയമല്ല, കുടുംബപ്രശ്നമാണെന്നും ഭാര്യക്ക് പരാതിയില്ലെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

Content Highlights: Kerala Assembly Speaker A N Shamseer stated that the family matter involving Minister K B Ganesh Kumar has been resolved by the couple themselves and that the issue is now over.

To advertise here,contact us