റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന് സര്‍വേയിലെ മികച്ച എംഎല്‍എമാരുടെ പട്ടികയില്‍ ഒമ്പതാം റാങ്ക് നേടിയിരിക്കുകയാണ് ധര്‍മ്മടം എംഎല്‍എയായ മുഖ്യമന്ത്രി പിണറായി വിജയന്. 2016 മുതല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന് നിലവില്‍ ആഭ്യന്തര വകുപ്പിന്റെയും പൊതുഭരണം ഉള്‍പ്പെടെ 27 വകുപ്പുകളുടെയും അധിക ചുമതല കൂടി വഹിക്കുന്നുണ്ട്. ഇ കെ നായനാര്‍ക്ക് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നതും പിണറായി വിജയനാണ്.
2021-ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സി രഘുനാഥനെ 50123 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് പിണറായി വിജയന് നിയമസഭയിലെത്തിയത്. 2016-ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മമ്പറം ദിവാകരനെ 36,905 വോട്ടിനായിരുന്നു അദ്ദേഹം തോല്‍പ്പിച്ചത്.
തലശ്ശേരി പഞ്ചായത്തില്‍ ചെത്ത് തൊഴിലാളിയായിരുന്ന കോരന്റെയും കല്യാണിയുടെയും മകനായി ജനിച്ച വിജയന് ശാരദവിലാസം എല്‍പി സ്കൂളിലും പെരളശേരി ഗവ. ഹൈസ്കൂളിലുമായാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഒരുവര്‍ഷം നെയ്ത്ത് തൊഴിലാളിയായി. പിന്നീടാണ് പ്രീ യൂണിവേഴ്സിറ്റി കോഴ്സിന് തലശേരി ബ്രണ്ണന്‍ കോളേജില്‍ ചേര്‍ന്നത്. ബിരുദ പഠനവും അവിടെ തന്നെ നടത്തി. വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ രാഷ്ട്രീയത്തിലേക്ക് കടന്നു.
എസ്എഫ്ഐയുടെ പൂര്‍വ്വിക സംഘടനയായ കെഎസ്എഫിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. കെഎസ്എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പിണറായി വിജയന് നിരവധി വിദ്യാര്‍ത്ഥി സമര മുന്നേറ്റങ്ങളില്‍ നേതൃത്വം വഹിച്ചു. കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയായി, 1964-ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. പിന്നീട് തലശേരി മണ്ഡലം സെക്രട്ടറിയായി, ജില്ലാകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പിണറായി വിജയന് 1978-ലാണ് സംസ്ഥാന കമ്മിറ്റിയിലെത്തിയത്. 1998-ല്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ പിണറായി വിജയന്. കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട്, കടമ്പൂര്, പെരളശേരി, ധര്‍മ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ധര്‍മ്മടം നിയമസഭാ മണ്ഡലം. ഇക്കുറിയും ധര്‍മ്മടത്തില്‍ പിണറായി വിജയന് തന്നെയായിരിക്കും എല്‍ഡിഎഫിനായി മത്സരിക്കുക.
കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന് സർവേയാണ് റിപ്പോർട്ടർ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവർണ്ണാവസരമാണ് റിപ്പോർട്ടർ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സർവേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സർവ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സർവേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.
സർവേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.
Content Highlights: Reporter Election Survey Result ranking of Pinarayi Vijayan