വോട്ട് വികസനത്തിന്; വർഗീയതയോട് വിട്ടുവീഴ്ചയില്ല, റിപ്പോർട്ടർ സർവേയിൽ ജനം തെരഞ്ഞെടുത്ത പ്രചാരണ വിഷയങ്ങൾ ഇവ

വെള്ളാപ്പള്ളി നടേശനും കെ എം ഷാജിയും പി സി ജോർജ്ജും അടക്കം പലഘട്ടങ്ങളിൽ കേരളം ഭയപ്പാടോടെ കേട്ട വർ​ഗീയ പരാമർശങ്ങൾ തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന അഭിപ്രായം ആ‍ർക്കാണ് തിരിച്ചടിയാകുകയെന്ന് കാത്തിരുന്ന് കാണണം

നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകം വികസനം. റിപ്പോർട്ടർ ഓൺലൈൻ ഇലക്ഷൻ സർവേയിൽ പങ്കെടുത്തവരിൽ 36.18 ശതമാനം പേരും അവരുടെ വോട്ടിനെ നിർണയിക്കുക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വോട്ടിനെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ രണ്ടാമത് വർഗീയ പരാമർശങ്ങളാണ്. 15.62% പേരാണ് വർ​ഗീയ പരാമർശങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ടത്. ക്ഷേമ പെൻഷൻഷൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 15.13% പേരാണ് അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ മൂന്നാമതാണ് ക്ഷേമപെൻഷൻ.

സാമൂഹിക-രാഷ്ട്രീയ തലത്തിൽ വർഗീയ പരാമർശങ്ങൾ ഉണ്ടാക്കുന്ന പ്രതികരണവും ക്ഷേമപദ്ധതികളോടുള്ള ജനങ്ങളുടെ ആശ്രയവും വോട്ടിംഗ് തീരുമാനങ്ങളിൽ പ്രധാന സ്വാധീനം ചെലുത്തുന്നുവെന്നാണ് റിപ്പോർട്ടർ ഓൺലൈൻ തെരഞ്ഞെടുപ്പ് സ‍ർവേയിൽ പങ്കെടുത്തവർ പ്രധാനമായും സൂചിപ്പിക്കുന്നത്. ഇതിൽ വികസനവും ക്ഷേമപെൻഷനും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാനവിഷയമായി മാറുന്നത് ഇടതുപക്ഷത്തിന് അനുകൂലമാണ്. സർവേയിൽ പങ്കെടുത്തവരിൽ 41.31 ശതമാനം പേരും വികസനവും ക്ഷേമപെൻഷനും പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുമെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വെള്ളാപ്പള്ളി നടേശനും കെ എം ഷാജിയും പി സി ജോർജ്ജും അടക്കം പല ഘട്ടങ്ങളിൽ കേരളം ഭയപ്പാടോടെ കേട്ട വർ​ഗീയ പരാമർശങ്ങൾ തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന അഭിപ്രായം ആ‍ർക്കാണ് തിരിച്ചടിയാകുകയെന്ന് കാത്തിരുന്ന് കാണണം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ശബരിമല സ്വർണ്ണക്കൊള്ള വിഷയം നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയമാകുമെന്ന് 9.86 ശതമാനം ആളുകളാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളിൽ നാലാമതാണ് സ്വർണ്ണക്കൊള്ള വിഷയം.

8.5 ശതമാനം ആളുകൾ തെരഞ്ഞെടുപ്പ് വിഷയമായി അഴിമതി മാറുമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ലൈംഗിക ആരോപണങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് സർവേയിൽ പങ്കെടുത്ത 4.5 ശതമാനം പേരും അഭിപ്രായപ്പെട്ടു. സ്ഥാനാർത്ഥികളുടെ വ്യക്തിഗത മികവ് 2.69 ശതമാനം, പൊലീസ് നടപടികൾ 2.35 ശതമാനം, വന്യജീവി പ്രശ്നങ്ങൾ 1.03 ശതമാനം എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളായി സർവേയിൽ അഭിപ്രായം ഉയർന്നത്. 4.14 ശതമാനം പേർ മറ്റു വിവിധ വിഷയങ്ങളാണ് അവരുടെ വോട്ടിനെ സ്വാധീനിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ചുരുക്കത്തിൽ സർവേയിൽ നിന്നുള്ള സൂചനകൾ പ്രകാരം വികസനവും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും ക്ഷേമപദ്ധതികളുമാണ് വോട്ടർമാരുടെ മനോഭാവം പ്രധാനമായും രൂപപ്പെടുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും അവരുടെ പ്രചാരണത്തിലും വാഗ്ദാനങ്ങളിലും വികസന നേട്ടങ്ങൾക്കും ക്ഷേമ പദ്ധതികൾക്കും വലിയ പ്രാധാന്യമാണ് നൽകുന്നതെന്നതും ശ്രദ്ധേയമാണ്.

റിപ്പോർട്ടർ ടിവി ഓൺലൈൻ ഇലക്ഷൻ സർവേ

കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സർവേയാണ് റിപ്പോർട്ടർ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവർണ്ണാവസരമാണ് റിപ്പോർട്ടർ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സർവേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സർവ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സർവേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.

സർവേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.

Content Highlights: Reporter Election Survey Result people select development over pension

To advertise here,contact us