സഞ്ജുവിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി; പ്രകടനത്തിൽ അഭിനന്ദനം അറിയിച്ചു

സഞ്ജുവിന്റെ മികച്ച പ്രകടനത്തിൽ മുഖ്യമന്ത്രി ഫോണിലൂടെ അഭിനന്ദനം അറിയിച്ചു

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഞ്ജുവിന്റെ മികച്ച പ്രകടനത്തിൽ മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു.

ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്നലെ ഇന്ത്യൻ ടീമിനെയും സഞ്ജുവിനെയും അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു. ലോകകപ്പ് വിജയത്തിൽ സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണെന്നും ടൂർണമെന്റിലുടനീളം സ്ഥിരത പുലർത്തിയ സഞ്ജുവിന് ടീമിന്റെ നട്ടെല്ലായി മാറാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി പരാമർശിച്ചിരുന്നു.

അതേസമയം ഇന്ന് തിരുവനന്തപുരത്ത് എത്തിയ സഞ്ജുവിനെ മന്ത്രി വി ശിവൻകുട്ടിയും എ എ റഹീം എംപിയും ചേർന്ന് സ്വീകരിച്ചു. ഭാര്യ ചാരുലതയ്‌ക്കൊപ്പമാണ് സഞ്ജു എത്തിയത്. സഞ്ജുവിന് തിരുവനന്തപുരത്തുവെച്ച് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം നൽകുമെന്ന് മന്ത്രി വിശിവൻകുട്ടി അറിയിച്ചിരുന്നു.

വീഴ്ചയിൽ പതറിയപ്പോൾ സച്ചിൻ ടെൻഡുൽക്കർ നൽകിയത് വലിയ പിന്തുന്നയാണെന്ന് സഞ്ജു നാട്ടിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സച്ചിന്റെ പിന്തുണ കരുത്തായി. വേൾഡ് കപ്പ് മാച്ചിന് മുമ്പും ശേഷവും സച്ചിൻ ഫോണിൽ വിളിച്ചിരുന്നു. 25 മിനിറ്റ് സച്ചിനുമായി സംസാരിച്ചിരുന്നുവെന്നും സഞ്ജു പറഞ്ഞിരുന്നു. നാട്ടുകാർ നൽകിയത് വലിയ പിന്തുണയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ആരാധന മനസിലായത്. തോൽവിയിൽ നിന്നും പാഠം പഠിച്ചു. തുടർച്ചയായി പരാജയങ്ങൾ നേരിട്ടപ്പോഴാണ് എല്ലാ ബോളും അടിച്ചു കളിക്കുന്ന ശൈലി ഒഴിവാക്കിയത്. ഒരുമാസമായി ഫോൺ ഉപയോഗിച്ചിരുന്നില്ല. രണ്ടുദിവസം വീട്ടുകാർക്കൊപ്പം ഇരിക്കണമെന്നാണ് ആഗ്രഹം. ഡൽഹിയിൽ നാളെ വിജയാഘോഷം ഉണ്ടെങ്കിൽ ചിലപ്പോൾ മടങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: chief minister Pinarayi Vijayan calls Sanju Samson to congratulates him for the Performance of twenty 20 world cup

To advertise here,contact us