'ഒരാൾക്ക് തന്നെ എല്ലാ പദവികളും നൽകുന്നു '; പൊന്നാനിയിൽ എംകെ സക്കീറിനെ ഇടത് സ്ഥാനാര്‍ത്ഥിയാക്കുന്നതിൽ വിമർശനം

സ്ഥാനാർത്ഥി നിർണയത്തിൽ പൊന്നാനി മണ്ഡലം കമ്മിറ്റിയിൽ എതിർപ്പ്

കോഴിക്കോട്: സ്ഥാനാർത്ഥി നിർണയത്തിൽ പൊന്നാനി സിപിഐഎം നിയോജക മണ്ഡലം കമ്മിറ്റിയിൽ എതിർപ്പ്. പൊന്നാനിയിൽ വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീറിനെ സ്ഥാനാർത്ഥിയാക്കിയ മേല്‍ക്കമിറ്റി തീരുമാനത്തിനെതിരെയാണ് മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നത്. സ്ഥാനാർത്ഥിനിർണയം റിപ്പോർട്ട് ചെയ്യാനായി ചേർന്ന നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിൽ ആണ് വിമർശനം.

ഒരാൾക്ക് തന്നെ എല്ലാ പദവികളും എന്തുകൊണ്ട് നൽകുന്നു എന്നാണ് വിമർശനം. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ഖലീമുദ്ദീനെയോ ടി എം സിദ്ദിഖിനെയോ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. ഒമ്പത് പേരുടെ കമ്മിറ്റിയിൽ എട്ടുപേരും സക്കീറിനെ എതിർത്തു. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പൊന്നാനിയിൽ സക്കീറിനെ ഉൾപ്പെടുത്തിയത്. പല ഘടകങ്ങൾ പരിഗണിച്ചാണ് എം കെ സക്കീറിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചതെന്നും ഇനി പുനരാലോചന ഇല്ലെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 1278 വോട്ടിന്റെ മുന്‍തൂക്കം യുഡിഎഫിനുണ്ട്. മണ്ഡലത്തിലെ ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ നാല് എണ്ണത്തില്‍ യുഡിഎഫിനും രണ്ടെണ്ണത്തില്‍ എല്‍ഡിഎഫിനുമാണ് ഭരണം. തങ്ങളുടെ കോട്ടയായ പൊന്നാനി നഗരസഭ കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. 53 വാര്‍ഡുകളില്‍ 30ല്‍ എല്‍ഡിഎഫ് വിജയിച്ചു. 18 സീറ്റുകളില്‍ യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും വിജയിച്ചു.

ആലംകോടും പെരുമ്പടപ്പും മാറഞ്ചേരിയും നന്നംമുക്കും യുഡിഎഫിന് ലഭിച്ചു. പൊന്നാനി നഗരസഭയെ കൂടാതെ വെളിയങ്കോട് പഞ്ചായത്തിലാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. മണ്ഡലത്തിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിനാണ്. 

Content Highlight : Criticism was raised at the constituency committee meeting against the CPM’s decision to field Waqf Board member M. K. Zakir as its candidate in Ponnani

To advertise here,contact us