പാലക്കാട്: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി. രാഹുലിനൊപ്പം പാലക്കാട് ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ സി വി സതീഷ്, ബ്ലോക്ക് ട്രഷറർ മച്ചിങ്ങൽ ഹരിദാസ് എന്നിവരും ഉണ്ടായിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കാനായിരുന്നു സന്ദർശനം. ഇക്കഴിഞ്ഞ ജനുവരി 11നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് രാഹുലിന്റെ പാലക്കാട് സന്ദർശനം. നിലവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ പാലക്കാട് മത്സരിക്കുക നടൻ രമേഷ് പിഷാരടിയാകുമെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ ആദ്യ ബലാത്സംഗ കേസിൽ രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു.
പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ ഉൾപ്പെടെ രാഹുൽ പീഡനത്തിന് ഇരയാക്കിയെന്ന പരാതി നിലവിലുണ്ടെന്നും ഹർജിയിൽ പരാതിക്കാരി പറയുന്നുണ്ട്. മാത്രമല്ല മുൻകൂർ ജാമ്യം നൽകിയത് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ വാദിക്കുന്നുണ്ട്. രാഹുൽ ജാമ്യത്തിൽ കഴിയുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും പരാതിക്കാരി പറയുന്നു.
അറസ്റ്റും തുടർന്നുണ്ടായ നിയമപോരാട്ടവും കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി രാഹുൽ പാലക്കാട് സജീവമായിരുന്നില്ല. വീണ്ടും പ്രവർത്തനം ആരംഭിക്കാനാണ് രാഹുലിന്റെ നീക്കം. സുപ്രീം കോടതിയിൽ നിയമപോരാട്ടവുമായി പരാതിക്കാരി ഹർജി നൽകിയ സാഹചര്യത്തിലും കൂടുതൽ പൊതുപരിപാടികളിൽ സജീവമാകാനുള്ള തീരുമാനത്തിലാണ് രാഹുൽ എന്നാണ് വിവരം. വി ഡി സതീശൻ നയിച്ച യാത്രയുടെ സമാപന സമ്മേളനത്തിൽ പുത്തരിക്കണ്ടം മൈതാനത്തും രാഹുലിന് വേണ്ടി ചിലർ രംഗത്തെത്തിയിരുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പാലക്കാട് രാഹുലിന്റെ സാന്നിധ്യം തിരിച്ചടിയാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
Content Highlights: Rahul Mamkootathil arrives constituency after arrest accompanied by congress leaders