'നാട്ടികയിൽ ഗീതാ ഗോപിയെ മാറ്റില്ല, മുകുന്ദനെ ഒരിക്കലും ശത്രുവായി കാണില്ല,പറയാനുള്ളത് കേൾക്കും' ; ബിനോയ് വിശ്വം

ച‍ർച്ചക്കൾക്ക് നേതാക്കളെ നിയോ​ഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

തൃശ്ശൂര്‍: നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെ നിലവിലെ എംഎല്‍എ സി സി മുകുന്ദൻ്റെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നാട്ടികയിൽ പൊട്ടലും ചീറ്റലും ഒന്നുമില്ലന്നും സി സി മുകുന്ദനെ ഒരിക്കലും ശത്രുവായി കാണില്ലയെന്നും ബിനോയ് വിശ്വം പറഞ്ഞു. പേയ്മെൻ്റ് സീറ്റല്ല നാട്ടികയെന്നും പേയ്‌മെന്റ് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്ത് ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലയെന്ന് അദ്ദേഹം പറഞ്ഞു.

നാട്ടികയിൽ നിന്ന് ഗീതാ ഗോപിയെ മാറ്റില്ലയെന്നും ബിനോയ് വിശ്വം പറഞ്ഞു. തൃശൂർ ജില്ല കമ്മിറ്റി സി സി മുകുന്ദൻ വേണ്ടെന്ന നിലപാടാണ് എടുത്തത്. സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും എടുക്കുന്ന തീരുമാനം അന്തിമമാണെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മിറ്റികൾ എടുത്ത അന്തിമ തീരുമാനം ഇതുവരെ മാറ്റിയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാം തലങ്ങളിലും മുകുന്ദന് പറയാൻ ഉള്ള എല്ലാം കാര്യങ്ങളും പാർട്ടി കേൾക്കുമെന്നും ഇത്രയും നാൾ സ്നേഹിച്ച പാർട്ടിയെ മുകുന്ദൻ തള്ളിപ്പറയില്ലയെന്നും മറുചേരിയിൽ പോകില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. മുകുന്ദനുമായി ച‍ർച്ചക്കൾക്ക് നേതാക്കളെ നിയോ​ഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎല്‍എ സി സി മുകുന്ദന്‍ ആരോപിച്ചതിന് പിന്നാലെ സിപിഐയില്‍ വിമർശനം ഉയർന്നിരുന്നു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കിലും മത്സരിക്കുമെന്ന് സി സി മുകുന്ദന്‍ വെല്ലുവിളിച്ചിരുന്നു.

ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. നിലവിലെ എംഎല്‍എ സി സി മുകുനന്ദന് പകരം ഗീതാ ഗോപിയെ മത്സരിപ്പിക്കാനാണ് തീരുമാനം. ഇതിനിടെയാണ് അനുനനയ നീക്കവുമായി സിപിഐ എത്തിയിരിക്കുന്നത്.

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ നാട്ടികയില്‍ 2011ലും 2016ലും ഗീതാ ഗോപി ആയിരുന്നു എംഎല്‍എ. 2016ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി ദാസനെതിരെ 26,777 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗീതാ ഗോപിയുടെ വിജയം. 2011ല്‍ 16,054 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗീത സഭയിലെത്തിയത്.

Content Highlight : CPI state secretary Binoy Viswam responds after sitting MLA C C Mukundan alleged that the Nattika seat is a payment seat.

To advertise here,contact us