ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കരുതെന്ന് പറഞ്ഞ കോൺഗ്രസുകാർ എന്തിന് മമ്മൂട്ടി പറഞ്ഞതിൽ സന്തോഷിക്കണം:വി വസീഫ്

കോൺഗ്രസിനെതിരെ വിമർശനവുമായി വി വസീഫ്

വയനാട്: വയനാട് ടൗൺഷിപ്പുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടി നടത്തിയ പരാമർശം ഏറ്റുപിടിച്ച കോൺഗ്രസിനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കേരളത്തിലെ ജനങ്ങളുടെ പണം കൊണ്ടാണ് വയനാട്ടിൽ ടൗൺഷിപ്പ് ഉയർന്നതെന്നാണ് മമ്മൂട്ടി പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്നും കോൺഗ്രസിനെയാണ് ആ പണം ഏൽപ്പിക്കേണ്ടതെന്നും പറഞ്ഞ് പിരിച്ച പണവും ആപ്പും മുക്കിയ കോൺഗ്രസുകാർ എന്തിനാണ് മമ്മൂട്ടി പറഞ്ഞതിൽ സന്തോഷിക്കുന്നതെന്ന് മനസ്സിലായില്ലെന്നും വസീഫ് ഫേസ്ബുക്കിൽ കുറിച്ചു. തിരക്കുകൾക്കിടയിലും കേരളത്തിന്റെ മഹാനടനായ മമ്മൂട്ടി അതിജീവനത്തിന്റെ കേരള മോഡൽ കാണാൻ സമയം കണ്ടെത്തിയതിന് വസീഫ് കുറിപ്പിലൂടെ അഭിവാദ്യമർപ്പിച്ചു.

'കേരളത്തിലെ ജനങ്ങളുടെ പണം കൊണ്ടാണ് വയനാട്ടിൽ ടൗൺഷിപ്പ് ഉയർന്നതെന്നാണ് മമ്മൂട്ടി പറഞ്ഞത്, അതെ, ഏതാണ്ട് എല്ലാ മലയാളികളും ഒരുമിച്ചാണ് വയനാട് പുനരധിവാസത്തിന് സഹായം നൽകിയത്. കേരളത്തിലെ ഇടതുപക്ഷ പ്രവർത്തകരുടെയും ഡിവൈഎഫ്‌ഐയുടെയുമെല്ലാം വിഹിതമുണ്ടതിൽ. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്നും കോൺഗ്രസിനെയാണ് ആ പണം ഏൽപ്പിക്കേണ്ടതെന്നും പറഞ്ഞ് പിരിച്ച പണവും ആപ്പും മുക്കിയ, നിങ്ങൾ കോൺഗ്രസുകാർ എന്തിനാണ് മമ്മൂട്ടി പറഞ്ഞതിൽ സന്തോഷിക്കുന്നതെന്ന് മനസ്സിലായില്ല. തിരക്കുകൾക്കിടയിലും കേരളത്തിന്റെ മഹാനടൻ മമ്മൂട്ടി അതിജീവനത്തിന്റെ കേരള മോഡൽ കാണാൻ സമയം കണ്ടെത്തിയതിന് അഭിവാദ്യങ്ങൾ' എന്നാണ് വസീഫിന്റെ പ്രതികരണം.

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ചുനൽകിയ ടൗൺഷിപ്പ് കഴിഞ്ഞ ദിവസം മമ്മൂട്ടി സന്ദർശിച്ചിരുന്നു. അപ്രതീക്ഷിതമായായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം. ടൗൺഷിപ്പ് നടന്നുകണ്ടതിന് ശേഷം കേരളത്തിന്റെ സാമൂഹിക മൂലധനമാണ് ഈ കാണുന്നത് എന്നും ജനങ്ങളുടെ മനസാണ് ഈ ടൗൺഷിപ്പ് എന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

Content Highlights: DYFI state president V Vaseef criticised and mocked the Congress party following actor Mammootty’s remarks about the proposed Wayanad Township project

To advertise here,contact us