'സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം'; സര്‍ക്കാരിനെതിരെ കെസിബിസി, പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു

രണ്ടാം ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാനത്താകെ ആയിരത്തിലധികം ബാറുകള്‍ എന്നും വിമർശനം

കൊച്ചി: മദ്യ-ലഹരി വിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായി കെസിബിസി പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. മദ്യശാലകളുടെ പെരും പ്രളയത്തിലാണ് സംസ്ഥാനമെന്ന് വിമര്‍ശിക്കുന്ന സര്‍ക്കുലറില്‍ സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നു. ബാറുകളുടെ എണ്ണം 29 മാത്രമായിരിക്കെ 2016ല്‍ ഒരുതുള്ളി മദ്യം പോലും കൂടുതല്‍ അനുവദിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. അധികാരത്തിലെത്തിയപ്പോള്‍ അവരുടെ നയം മദ്യവര്‍ജ്ജനമായി. രണ്ടാം ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാനത്താകെ ആയിരത്തിലധികം ബാറുകള്‍, 337ലധികം ബെവ്‌കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍, 5071 ഓളം കള്ളുഷാപ്പുകള്‍ തുടങ്ങി മദ്യശാലകളുടെ പെരുംപ്രളയത്തിലാണ് സംസ്ഥാനം എന്ന് സര്‍ക്കുലറില്‍ വിമര്‍ശിച്ചു.

അനധികൃത മദ്യനിര്‍മ്മാണവും ലഹരി കടത്തും തടയാന്‍ ഉത്തരവാദിത്വപ്പെട്ട എക്‌സൈസ്-പൊലീസ്-ഫോറസ്റ്റ്-റവന്യൂ സംവിധാനങ്ങള്‍ നിസംഗതയോടെ പ്രഹസന മീറ്റിംഗുകള്‍ നടത്തി തലയൂരുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു. സംസ്ഥാനത്തെ 14,00 സ്‌കൂളുകള്‍ മയക്കുമരുന്നിന്റെ ഹോട്ട് സ്‌പോട്ടായി സര്‍ക്കാര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായി നിലപാടുകളും നടപടികളും സ്വീകരിക്കുന്ന സര്‍ക്കാരാണിവിടെ ഉണ്ടാകേണ്ടത്. ലഹരിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ആര്‍ജ്ജവമുള്ള ഭരണസംവിധാനം സംസ്ഥാനത്തുണ്ടാകണം എന്നും സര്‍ക്കുലറില്‍ പറയുന്നു.

Content Highlights:KCBC Against government over Liquor Policy

To advertise here,contact us