താരമൂല്യം നേട്ടമാകുമെന്ന് വിലയിരുത്തല്‍; ഒറ്റപ്പാലത്ത് മേജര്‍ രവി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയേക്കും

കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കാല്‍ ലക്ഷത്തിലേറെ വോട്ട് നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മേജര്‍ രവി എത്തുമെന്ന് സൂചന. മേജര്‍ രവിയുടെ സിനിമാരംഗത്തെ താരമൂല്യം നേട്ടമാകുമെന്നാണ് എന്‍ഡിഎ നേതാക്കളുടെ വിലയിരുത്തല്‍. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ മേജര്‍ രവി സന്ദര്‍ശിച്ചു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒറ്റപ്പാലത്ത് കാല്‍ ലക്ഷത്തിലേറെ വോട്ട് നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ.

അതേസമയം, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ സംസ്ഥാന ഉപാധ്യക്ഷയും കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയാകും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. ആര്‍ ശ്രീലേഖ ചുവരെഴുതും.

വട്ടിയൂര്‍ക്കാവ് നര്‍മ്മദാ കോംപ്ലക്‌സിന് സമീപം രാവിലെയാണ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് ശ്രീലേഖ ചുവരെഴുതുക. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തേക്ക് മത്സരരംഗത്തേക്കില്ലെന്നായിരുന്നു മുന്‍പ് ശ്രീലേഖ സ്വീകരിച്ച നിലപാട്. എന്നാല്‍ മത്സരിക്കാനുള്ള സന്നദ്ധത പിന്നീട് അറിയിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് മേയര്‍ സ്ഥാനം നല്‍കാത്തതില്‍ ശ്രീലേഖ കടുത്ത അതൃപ്തി പരസ്യമായി പ്രകടമാക്കിയിരുന്നു. പിന്നാലെയായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശ്രീലേഖ പറഞ്ഞത്. തന്നെ ശാസ്തമംഗലം വാര്‍ഡിലേക്ക് അഞ്ച് വര്‍ഷത്തേക്കാണ് കൗണ്‍സിലറായി തെരഞ്ഞെടുത്തത്. ശാസ്തമംഗലം വാര്‍ഡില്‍ അഞ്ച് വര്‍ഷത്തേക്കാണ് കൗണ്‍സിലറായി തെരഞ്ഞെടുത്തത്. ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുകയാണ് തന്റെ ഉത്തരവാദിത്വം, അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു ശ്രീലേഖ പറഞ്ഞിരുന്നത്.

മണ്ഡലത്തില്‍ വി കെ പ്രശാന്ത് തന്നെയായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രൂപീകരിക്കപ്പെട്ടതുമുതല്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന വട്ടിയൂർക്കാവ് 2019 ലെ ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 2021 ല്‍ വി കെ പ്രശാന്ത് വിജയം ആവര്‍ത്തിക്കുകയായിരുന്നു. 

Content Highlights: major ravi may contest as nda candidate in ottappalam

To advertise here,contact us