തലശ്ശേരിയിൽ ഷംസീറിന് പകരം കാരായി രാജൻ? യുവരക്തത്തെ പരീക്ഷിക്കാൻ കോൺഗ്രസ്

ലോക്സഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളിൽ തലശ്ശേരിയിൽ മേൽക്കൈ നേടാൻ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു

കണ്ണൂർ: കോടിയേരി ബാലകൃഷ്ണൻ്റെ തട്ടകമായിരുന്ന തലശ്ശേരി കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എല്ലാക്കാലത്തും സവിശേഷമായ ആകാംക്ഷ ഉയർത്തിയിട്ടുള്ള നിയമസഭാ മണ്ഡലമാണ്. 2021ൽ സിപിഐഎമ്മിലെ എ എൻ ഷംസീർ 36801വോട്ടിൻ്റെ ഭൂരിപക്ഷം നേടിയാണ് രണ്ടാമതും തലശ്ശേരിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 20116ൽ 34117 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു എ എൻ ഷംസീറിൻ്റെ വിജയം.

തലശ്ശേരി ന​ഗരസഭ ഉൾപ്പെടെ മണ്ഡലത്തിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിലും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നേടിയിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൻ്റെ ഭാ​ഗമായ തലശ്ശേരി നിയമസഭാ മണ്ഡഡലത്തിൽ എൽഡിഎഫിന് 8,630 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.

ടേം വ്യവസ്ഥയിൽ ഇളവ് നൽകി എം എൻ ഷംസീറിന് സിപിഐഎം തലശ്ശേരിയിൽ മൂന്നാമൂഴം നൽകുമോ എന്നതാണ് അറിയേണ്ടത്. ഷംസീർ മത്സരിക്കുന്നില്ലെങ്കിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം കാരായി രാജൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അം​ഗവുമായ പി ശശി എന്നിവരെയും പരി​ഗണിച്ചേക്കാം. കാരായി രാജൻ മത്സരിക്കട്ടെ എന്ന നിർദ്ദേശമാണ് സിപിഐഎം കണ്ണൂ‍ർ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വെച്ചിരിക്കുന്നത്.

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി അബ്ദുൾ റഷീദ്, യൂത്ത് കോൺ​ഗ്രസ് ദേശീയ സെക്രട്ടറി വി കെ ഷിബിന, മുതിർന്ന നേതാവ് മമ്പറം ദിവാകരൻ എന്നിവരെയാണ് കോൺ​ഗ്രസ് തലശ്ശേരിയിലേയ്ക്ക് പ​രി​ഗണിക്കുന്നത്. മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ്, എബിവിപി മുൻ അഖിലേന്ത്യാ നേതാവ് ഒ നിധീഷ് എന്നിവരാണ് ബിജെപിയുടെ പരി​ഗണനയിലുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന എൻ ഹരിദാസിൻ്റെ നാമനിർദ്ദേശ പത്രിക തള്ളിപ്പോയത് രാഷ്ട്രീയ വിവാദമായിരുന്നു.

2021ലെ തെരഞ്ഞെടുപ്പ് ഫലം

  • എ എൻ ഷംസീർ - എൽഡിഎഫ് - 81810(61.52%)
  • എം പി അരവിന്ദാക്ഷൻ - യുഡിഎഫ് - 45009(33.84%)
  • ഷംസീർ ഇബ്രാഹിം - വെൽഫെയർ പാർട്ടി - 1963(1.48%)
  • സി ഒ ടി നസീർ - സ്വതന്ത്രൻ - 1163(0.87%)
  • അരവിന്ദാക്ഷൻ - സ്വതന്ത്രൻ - 533(0.40%)
  • ഹരിദാസൻ- സ്വതന്ത്രൻ- 198(0.15%)
  • നോട്ട - 2313
  • പോൾ ചെയ്ത വോട്ട് - 132989
  • ഭൂരിപക്ഷം - 36801

തലശ്ശേരിയിൽ നിന്നും ജയിച്ച ജനപ്രതിനിധികൾ

  • 2021- എ എൻ ഷംസീർ - സിപിഐഎം
  • 2016-2021 - എ എൻ ഷംസീർ - സിപിഐഎം
  • 2011-2016 - കോടിയേരി ബാലകൃഷ്ണൻ - സിപിഐഎം
  • 2006-2011 - കോടിയേരി ബാലകൃഷ്ണൻ - സിപിഐഎം
  • 2001-2006 - കോടിയേരി ബാലകൃഷ്ണൻ - സിപിഐഎം
  • 1996-2001 - ഇ കെ നായനാർ - സിപിഐഎം
  • 1996 - കെ പി മമ്മു മാസ്റ്റർ - സിപിഐഎം
  • 1991-1996 - കെ പി മമ്മു മാസ്റ്റർ - സിപിഐഎം
  • 1987-1991 - കോടിയേരി ബാലകൃഷ്ണൻ - സിപിഐഎം
  • 1982-1987 - കോടിയേരി ബാലകൃഷ്ണൻ - സിപിഐഎം
  • 1980-1982 - എം വി രാജഗോപാലൻ - സിപിഐഎം
  • 1979-1980 - എം വി രാജഗോപാലൻ - സിപിഐഎം
  • 1977-1979 - പാട്യം ഗോപാലൻ - സിപിഐഎം
  • 1970-1977 - എൻ ഇ ബലറാം - സിപിഐ
  • 1967-1970 - കെ പി ആർ ഗോപാലാൻ - സിപിഐഎം
  • 1965*- പാട്യം ഗോപാലൻ സിപിഐഎം
  • 1960-1965 - വി ആർ കൃഷ്ണയ്യർ- സിപിഐ
  • 1957-1959- വി ആർ കൃഷ്ണയ്യർ- സിപിഐ സ്വതന്ത്രൻ

*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

Content Highlights: Speculation heats up in Thalassery constituency for Kerala 2026 elections as CPM eyes Karayi Rajan over Speaker A.N. Shamsheer. Meanwhile, Congress mulls youth candidates to challenge LDF dominance. Latest updates and analysis.

To advertise here,contact us