തൃശൂർ: സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. യഥാക്രമം 44263, 43317, 40457 എന്നിങ്ങനെയായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ മണ്ഡലത്തില്‍ നേടിയ വോട്ടുകള്‍. സംസ്ഥാനത്തെ മറ്റൊരു മണ്ഡലത്തിലും മൂന്ന് മുന്നികള്ക്കിടയിലും ഇത്തരത്തില്‍ ശക്തമായ മത്സരം നടന്നിരുന്നില്ല. ഇത്തവണയും സമാനമായ രീതിയിലുള്ള മത്സരത്തിനായിരിക്കും തൃശൂർ സാക്ഷ്യം വഹിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുരേഷ് ഗോപിയെ ഇറക്കി മണ്ഡലം പിടിക്കാമെന്നായിരുന്നു കഴിഞ്ഞ തവണ ബിജെപി കണ്ട സ്വപ്നം. കോണ്‍ഗ്രസ് ടിക്കറ്റില്‍ പത്മജ ഒരിക്കല്‍കൂടി അങ്കത്തിനെത്തി. ഒടുവില്‍ ഫലം പുറത്ത് വന്നപ്പോള്‍ പത്മജയെ 946 വോട്ടിന് പരാജയപ്പെടുത്തി സിപിഐയിലെ പി ബാലചന്ദ്രന് എല്‍ഡിഎഫിനായി മണ്ഡലം നിലനിർത്തി. എങ്ങോട്ടും മറിയാന്‍ സാധ്യതയുള്ള മണ്ഡലത്തില്‍ ഇത്തവണയും മൂന്ന് മുന്നണികള്‍ക്കായി ശക്തരായ സ്ഥാനാർത്ഥികള്‍ തന്നെ രംഗത്ത് വന്നേക്കും.
തൃശ്ശൂർ കോർപ്പറേഷനിലെ 39 ഡിവിഷനുകൾ പൂർണ്ണമായും രണ്ട് ഡിവിഷനുകൾ ഭാഗീകമായും ഉൾപ്പെടുന്നതാണ് തൃശ്ശൂർ നിയമസഭാ മണ്ഡലം. അവസാന തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 24 വാർഡുകള്‍ നേടിക്കൊണ്ട് വലിയ ആധിപത്യം പുലർത്താന്‍ യുഡിഎഫിന് സാധിച്ചു. എല്‍ഡിഎഫ്-9, എന്‍ഡിഎ-7, മറ്റുള്ളവർ-1 എന്നിങ്ങനെയായിരുന്നു ശേഷിക്കുന്ന ഡിവിഷനുകളിലെ കക്ഷിനില.
മണ്ഡല ചരിത്രം പരിശോധിക്കുമ്പോള്‍ 1957 മുതല്‍ 1987 വരെ കോണ്‍ഗ്രസും ഇടതുപക്ഷവും മാറിയും മറിഞ്ഞും വിജയിച്ച മണ്ഡലം 1991 മുതല്‍ 2011 വരെ തേറമ്പില്‍ രാമകൃഷ്ണനിലൂടെ കോണ്‍ഗ്രസ് തങ്ങളുടെ സുരക്ഷിത മണ്ഡലമായി നിലനിർത്തുകയായിരുന്നു. ഒടുവില്‍ 2016 ല്‍ വിഎസ് സുനില്‍ കുമാറിലൂടെ പതിറ്റാണ്ടുകള്‍ക്ക് ശേഷം മണ്ഡലം ഇടതുപക്ഷം തിരിച്ചുപിടിച്ചു. 2021ലും അവർ മണ്ഡലം നിലനിർത്തി. ലോക്സഭ തെരഞ്ഞെടുപ്പിലെ കണക്കുകളിലേക്ക് നോക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് വലിയ ആശ്വാസമാണുള്ളത്. സുരേഷ് ഗോപിക്ക് ഏകദേശം 150000 ത്തോളം വോട്ടുകളുടെ ലീഡാണ് മണ്ഡലത്തിലുള്ളത്.
ഒരു തവണ മാത്രം മത്സരിച്ചവർക്ക് വീണ്ടും അവസരം നല്കാന് തീരുമാനിച്ചാല്‍ പി ബാലചന്ദ്രന് തന്നെ കളത്തിലിറങ്ങും. പി ബാലചന്ദ്രന് മാറുകയാണെങ്കില്‍ ശക്തനായ സ്ഥാനാർത്ഥി എന്ന നിലയില്‍ നിലവിലെ കയ്പമംഗലം എംഎല്‍എ ടൈസൺ മാസ്റ്റർ, മുന്‍ തൃശൂർ എംഎല്‍എയും മന്ത്രിയുമായിരുന്ന വിഎസ് സുനില്‍കുമാർ എന്നിവരില്‍ ആരെയെങ്കിലും പരിഗണിച്ചേക്കാം. വി എസ് പ്രിൻസിന്റെ പേരും പരിഗണനയിലുണ്ട്. യുഡിഎഫില്‍ നിന്നും ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജെറ്റ്, രാജൻ പല്ലൻ, ടി വി ചന്ദ്രമോഹൻ, എ പ്രസാദ് എന്നിവരുടെ പേരുകളാണ് ഉയർന്ന് കേള്‍ക്കുന്നത്.
ജേക്കബ് തോമസ്, പത്മജ വേണുഗോപാല്‍ എന്നിവരുടെ പേരുകള്‍ക്കാണ് ബിജെപിയില്‍ മുന്‍തൂക്കം. പത്മജ വേണുഗോപാലാണ് മണ്ഡലത്തിലെ ബിജെപിയുടെ പ്രചരണത്തിന് തുടക്കം കുറിച്ചതെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി തന്നെ ജേക്കബ് തോമസ് മണ്ഡലത്തില്‍ സജീവമാണ്. അതേസമയം, ബിജെപിയുടെ മുന്‍ ജില്ലാ പ്രസിഡന്റ് ശ്രീശൻ അടിയാട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹവും ശക്തമാണ്. അങ്ങനെയെങ്കില്‍ അത് ബിജെപിക്ക് കനത്ത തിരിച്ചടിയായി മാറിയേക്കും.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം
തൃശൂർ മണ്ഡലത്തെ പ്രതിനീധികരിച്ചവർ
*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
Content Highlights: Discussions are underway regarding probable candidates from major political parties for the Thrissur Assembly constituency in the upcoming Kerala elections.