തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തിൽ തട്ടി ആർജെഡിയിൽ പിളർപ്പിനുള്ള സാധ്യതയേറി. എൽഡിഎഫ് നൽകിയ സീറ്റെണ്ണം നേതൃത്വം അംഗീകരിച്ചാൽ പാർട്ടി പിളർത്തി കോൺഗ്രസിലേക്ക് പോകാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി സുരേന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി സബാഹ് പുൽപ്പറ്റ എന്നിവരുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച യോഗം ചേർന്നു. വിവിധ ജില്ലാ പ്രസിഡന്റുമാരും യോഗത്തിനെത്തി.
നിലവിൽ മൂന്ന് സീറ്റുകൾ മാത്രമാണ് ആർജെഡിക്ക് സിപിഐഎം നൽകിയിട്ടുള്ളത്. കൂത്തുപറമ്പ, കല്പറ്റ, വടകര എന്നീ മണ്ഡലങ്ങളിലാണ് ആർജെഡി മത്സരിച്ചത്. ഇപ്രാവശ്യവും അതേ മണ്ഡലങ്ങൾ തന്നെയാണ് സിപിഐഎം ആർജെഡിക്ക് അനുവദിച്ചുനൽകിയത്. ഇതിൽ അതൃപ്തിയുള്ള വിഭാഗമാണ് പാർട്ടി പിളർത്താനുള്ള പദ്ധതിയിട്ടിരിക്കുന്നത്.
മൂന്ന് സീറ്റ് വാങ്ങി എൽഡിഎഫിൽ നിൽക്കാൻ തീരുമാനിച്ചാൽ പാർട്ടി പിളർത്താനാണ് ഇവരുടെ ധാരണ. ഏഴാം തിയതി നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മൂന്ന് സീറ്റ് എന്നത് അംഗീകരിക്കപ്പെട്ടാൽ, പ്രതിഷേധിച്ച് ഇറങ്ങിവരാനാണ് വിമത നേതാക്കളുടെ തീരുമാനം. ഇതിനകം തന്നെ പിളർപ്പ് ചർച്ച ചെയ്യാൻ എത്തിയ യോഗത്തിലെ നേതാക്കൾ ചില യുഡിഎഫ് നേതാക്കളുമായി ചർച്ചകൾ നടത്തിയെന്നാണ് വിവരം.
അധിക സീറ്റ് എന്ന ആവശ്യം സിപിഐഎം അംഗീകരിക്കാതെ വന്നതോടെ വലിയ ക്ഷീണമാണ് ആർജെഡിയ്ക്ക് ഉണ്ടായത്. നാലാം സീറ്റായി കോവളമായിരുന്നു ആർജെഡി ആവശ്യപ്പെട്ടത് എന്നാൽ ഇത് സിപിഐഎം അംഗീകരിച്ചില്ല. ഇതോടെ ഇടതുമുന്നണി വിടാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെ ആർജെഡിയുടെ അധിക സീറ്റ് എന്ന ആവശ്യവും പരാജയപ്പെട്ടിരിക്കുകയാണ്.
വടകര, കല്പറ്റ സീറ്റുകളെ ചൊല്ലി ധാരണയിൽ എത്താത്തതിനെ തുടർന്നാണ് ആർജെഡിയുടെ യുഡിഎഫ് പ്രവേശനം എങ്ങുമെത്താതെ പോയത്. നേരത്തെ ഇടതുമുന്നണി വിടണമെന്ന് ആർജെഡിയിലെ നാല് ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടിരുന്നു. എൽഡിഎഫിൽ ആർജെഡിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ശ്രേയാംസ് കുമാറും ആരോപിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായി സിപിഐഎം കാലുവാരിയെന്ന വികാരം പാർട്ടിക്കുള്ളിലുണ്ടെന്ന് ശ്രേയാംസ് കുമാർ ആരോപിച്ചിരുന്നു. കോഴിക്കോട് കോർപ്പറേഷനിലടക്കം ആർജെഡിക്ക് കൗൺസിലർ ഇല്ലാത്ത സാഹചര്യം ആദ്യമായാണെന്നും എൽഡിഎഫിൽ നിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മുന്നണി വിടില്ലെന്ന് തന്നെയാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlights: A rift has emerged within the Rashtriya Janata Dal over seat sharing ahead of the upcoming Assembly elections. A section of leaders has reportedly threatened to split the party and join the Congress if their demand for a higher number of seats is not accepted