ഗുരുവായൂരില്‍ മുസ്ലിം ലീഗിന് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ? തുടർ വിജയം തേടി സിപിഐഎം

ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് 7406 വോട്ടിന്‍റെ ഭൂരിപക്ഷവും ഗുരുവായൂർ നല്‍കിയിരുന്നു.

തൃശൂർ: തൃശൂർ ജില്ലയില്‍ മുസ്ലിം ലീഗിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മണ്ഡലമാണ് ഗുരുവായൂർ. മണ്ഡലത്തില്‍ ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ 7 തവണയാണ് മുസ്ലിം ലീഗ് വിജയിച്ചിട്ടുള്ളത്. എന്നാല്‍ 2001ന് ശേഷം മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിക്കൊണ്ട് സിപിഐഎം പ്രതിനിധികളാണ് മണ്ഡലത്തില്‍ നിന്നും തുടർച്ചയായി മത്സരിക്കുന്നത്. തുടർ തോല്‍വിക്ക് വിരാമം ഇടാന്‍ മണ്ഡലം ഇത്തവണ ലീഗില്‍ നിന്നും ഏറ്റെടുത്ത് പാർട്ടി സ്ഥാനാർത്ഥികള്‍ മത്സരിക്കണമെന്ന വികാരം കോണ്‍ഗ്രസ് നേതൃത്വത്തില്‍ തന്നെ ശക്തമാണെങ്കിലും ലീഗ് ഇതുവരെ ഇക്കാര്യത്തില്‍ പച്ചക്കൊടി വീശിയിട്ടില്ല.

യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയ കെഎന്‍എ ഖാദറിനെ 18268 വോട്ടുകള്‍ക്കായിരുന്നു എല്‍ഡിഎഫ് സ്ഥാനാർത്ഥി എന്‍കെ അക്ബർ പരാജയപ്പെടുത്തിയത്. കഴിഞ്ഞ 4 തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് വിജയിക്കുന്ന മണ്ഡലമാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും നടത്താന്‍ കഴിഞ്ഞ മുന്നേറ്റം യുഡിഎഫിനും പ്രതീക്ഷകള്‍ നല്‍കുന്നു. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ അനുകൂല ഘടകമാക്കി മാറ്റിയെടുക്കാന്‍ സാധിച്ചാല്‍ തങ്ങള്‍ക്കും മുന്നേറാന്‍ സാധിക്കുമെന്ന സ്വപ്നമാണ് എന്‍ഡിഎ ക്യാമ്പിലുള്ളത്.

ഗുരുവായൂർ മുൻസിപ്പിലാറ്റിയിലെ 1 മുതൽ 4വരെയും 13 മുതൽ 46 വരെയുള്ള 38 ഡിവിഷനുകളും, ചാവക്കാട് മുൻസിപ്പാലിറ്റി, എങ്ങണ്ടിയൂർ, കടപ്പുറം, ഒരുമനയൂർ, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട് ​ഗ്രാമപഞ്ചായത്തുകളും ചേരുന്നതാണ് ​ഗുരുവായൂർ നിയമസഭാ മണ്ഡലം. ഇതില്‍ ഗുരുവായൂർ, ചാവക്കാട് മുന്‍സിപ്പാലിറ്റികളും ഏങ്ങണ്ടിയൂർ പഞ്ചായത്തുമാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നത്. കടപ്പുറം, ഒരുമനയൂർ, പുന്നയൂർ, വടക്കേകാട്, പുന്നയൂർക്കുളം പഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പം നിന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് 7406 വോട്ടിന്‍റെ ഭൂരിപക്ഷവും ഗുരുവായൂർ നല്‍കിയിരുന്നു.

എല്‍ഡിഎഫില്‍ ഇത്തവണയും എന്‍ കെ അക്ബർ തന്നെയാകും സ്ഥാനാർത്ഥിയെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മുസ്ലീം ലീഗ് ഇത്തവണ പാർട്ടി സംസ്ഥാന വൈസ് പ്രസിസന്‍റ് സി എച്ച് റഷീദ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് എന്നിവരെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്. കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ ടി എന്‍ പ്രതാപിന്‍റെ പേരും ഗുരുവായൂരില്‍ പറഞ്ഞുകേട്ടിരുന്നു.

ബിജെപിയെ സംബന്ധിച്ച് കഴിഞ്ഞ തവണ ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലാതായിപ്പോയ മണ്ഡലം കൂടിയാണ് ഗുരുവായൂർ. പാർട്ടി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്‍മണ്യന്റെ പത്രിക സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലെന്ന കാരണത്താൽ തള്ളിപ്പോകുകയായിരുന്നു. ഒടുവില്‍ ഡിഎസ്ജെപി സ്ഥാനാർത്ഥിയായി പത്രിക നല്‍കിയ ദിലീപ് നായരെ എന്‍ഡിഎ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുകയായിരുന്നു. ഇത്തവണയും അഡ്വ നിവേദിതയുടെ പേര് തന്നെയാണ് ഗുരുവായൂർ സ്ഥാനാർത്ഥിയായി ബിജെപി പാളയത്തില്‍ നിന്നും ഉയർന്ന് കേള്‍ക്കുന്നത്.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം

  • എൻ കെ അക്ബർ – എല്‍ഡിഎഫ് – 77072 (52.52%)
  • കെ എൻ എ ഖാദർ – യുഡിഎഫ് – 58804 (40.07%)
  • ദിലീപ് നായർ – ഡി എസ് ജെ പി – 6294 (4.29%)
  • അഷറഫ് വടക്കൂട്ട് – എസ്ഡിപിഐ – 2889 (1.97%)
  • ആന്റണി – സ്വതന്ത്രൻ – 392 (0.27%)
  • എം കുമാർ – എസ്‌യൂസിഐസി – 301 (0.21%)
  • നോട്ട – 1007
  • ആകെ പോൾ ചെയ്ത വോട്ടുകൾ– 146759
  • ഭൂരിപക്ഷം – 18268

ഗുരുവായൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചവർ

  • 2021- എൻ കെ അക്ബർ- സിപിഐഎം
  • 2016-2021 ​കെ വി അബ്ദുൾ ഖാദ‍ർ- സിപിഐഎം
  • 2011-2016 കെ വി അബ്ദുൾ ഖാദ‍ർ- സിപിഐഎം
  • 2006-2011 കെ വി അബ്ദുൾ ഖാദ‍ർ- സിപിഐഎം
  • 2001-2006 പി കെ കെ ബാവ- മുസ്ലിം ലീ​ഗ്
  • 1996-2001 പി ടി കുഞ്ഞുമുഹമ്മദ്- ഇടതുസ്വതന്ത്രൻ
  • 1991-1996 പി എം അബുബക്കർ- മുസ്ലിം ലീ​ഗ്
  • 1987-1991 കെ കെ ബാവ- മുസ്ലിം ലീ​ഗ്
  • 1982-1987 കെ കെ ബാവ- മുസ്ലിം ലീ​ഗ്
  • 1980-1982 ബി വി സീതി തങ്ങൾ- മുസ്ലിം ലീ​ഗ്
  • 1977-1979 ബി വി സീതി തങ്ങൾ- മുസ്ലിം ലീ​ഗ്
  • 1970-1977 വർക്കി വടക്കൻ- സ്വതന്ത്രൻ
  • 1967-1970 ബി വി സീതി തങ്ങൾ- മുസ്ലിം ലീ​ഗ്
  • 1965* പി കെ അബ്ദുൾ മജീദ്- സ്വതന്ത്രൻ
  • 1960-1965 കെ ജി കരുണാകര മേനോൻ- കോൺ​ഗ്രസ്
  • 1957-1960 കോരു കൂളിയാട്ട്- സ്വതന്ത്രൻ

Content Highlights: Possible candidates from major political parties in Guruvayoor constituency are being discussed ahead of the Kerala Assembly elections

To advertise here,contact us