ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങളോട് എയര്‍ ഇന്ത്യ അവഗണന കാട്ടുന്നുവെന്ന ആരോപണവുമായി അഷറഫ് താമരശ്ശേരി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം കൊള്ളലാഭത്തിനായാണ് രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍സ് ഈ നിലപാട് സ്വീകരിക്കുന്നതെന്ന് പറയുന്നു. Fly Dubai Air Arabia, Emirates, Ethihad തുടങ്ങിയ വിമാന കമ്പനികള്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ട് പോകുന്നത് കൊണ്ട് ഈ ദുരന്തകാലത്ത് അവ ഇവിടെ കെട്ടി കിടക്കേണ്ടി വരുന്നില്ല. എയര്‍ ഇന്ത്യയുടെ നിലപാട് രാജ്യത്തിന് മോശം പ്രതിച്ഛായയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരു പ്രതിസന്ധി നാം അനുഭവിക്കുമ്പോള്‍ നമ്മളെ ചേര്‍ത്ത് നിര്‍ത്തേണ്ടവര്‍ മരിച്ച പ്രവാസികളോട് പോലും ഈ അനീതി കാണിക്കുമ്പോള്‍ സഹിക്കുവാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.
'പ്രവാസികളുടെ മൃതദേഹങ്ങളോടുള്ള എയര്‍ ഇന്ത്യയുടെ അവഗണന: ഒരു നാണക്കേട്
പ്രിയപ്പെട്ടവരെ,
പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യ വിസമ്മതിക്കുന്നത് ഒരു വലിയ നാണക്കേടാണ്. കാര്‍ഗോ അയക്കുന്ന മറ്റ് സാധനങ്ങള്‍ കൊണ്ട് പോകുന്നതിലാണ് എയര്‍ ഇന്ത്യക്ക് താല്പര്യം. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചതോടെ മൃതദേഹങ്ങളോടുള്ള അവഗണന കൂടുതല്‍ വഷളായിട്ടുണ്ട്. മുമ്പ് എയര്‍ ഇന്ത്യ പ്രവാസികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ തയ്യാറായിരുന്നു, എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അവഗണിക്കുകയാണ്.
ദുരിതങ്ങളും ദുരന്തങ്ങളും പ്രവാസികള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ കാര്‍ഗോയിലെ കൊള്ളലാഭത്തിന് വേണ്ടി മയ്യത്തുകളെ എയര്‍ ഇന്ത്യ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. മറ്റ് വിദേശ വിമാനക്കമ്പനികള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ തയ്യാറാകുമ്പോള്‍ എയര്‍ ഇന്ത്യയുടെ ഈ നിലപാട് നമ്മുടെ രാജ്യത്തിന്റെ മോശം പ്രതിച്ഛായയാണ് ഉണ്ടാക്കുന്നത്. Fly Dubai Air Arabia, Emirates, Ethihad തുടങ്ങിയ വിമാന കമ്പനികള്‍ മയ്യത്തുകള്‍ ഇന്‍ഡ്യയിലേക്ക് കൊണ്ട് പോകുന്നത് കൊണ്ട് ഈ ദുരന്തകാലത്ത് മയ്യത്തുകള്‍ ഇവിടെ കെട്ടി കിടക്കേണ്ടി വരുന്നില്ല.മറ്റ് രാജ്യങ്ങളിലെ വിമാന കമ്പനികള്‍ മയ്യത്തുകളോട് കാണിക്കുന്ന ബഹുമാനം നാം പഠിക്കേണ്ടിരിക്കുന്നു.
ഒരു പ്രതിസന്ധി നാം അനുഭവിക്കുമ്പോള്‍ നമ്മളെ ചേര്‍ത്ത് നിര്‍ത്തേണ്ടവര്‍ മരിച്ച പ്രവാസികളോട് പോലും ഈ അനീതി കാണിക്കുമ്പോള്‍ സഹിക്കുവാന്‍ കഴിയുന്നില്ല.കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ഇടപെടണം. എയര്‍ ഇന്ത്യ മൃതദേഹങ്ങളോട് ബഹുമാനം കാണിക്കണം. പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കണം. എയര്‍ ഇന്ത്യയുടെ ഈ നിലപാട് മാറ്റി, പ്രവാസികളുടെ മയ്യത്തുകളെ അവരുടെ ഉറ്റവര്‍ക്കും, ഉടയവര്‍ക്കും വൈകാതെ കാണുവാനും, അവസാനമായി അന്ത്യ കര്‍മ്മങ്ങള്‍ നടത്തുവാനുളള അവകാശങ്ങള്‍ നിഷേധിക്കരുത്. നിഷേധിക്കപ്പെടരുത്.', അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlights: UAE-based social worker Ashraf Thamarassery criticized the attitude of Air India in a Facebook post.