ആലപ്പുഴ: ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കില്ല. കായംകുളത്തും അരൂരിലും സിറ്റിങ് എംഎൽഎമാർ തന്നെ മത്സരിക്കട്ടെ എന്ന പാർട്ടി ധാരണ മൂലമാണ് ആർ നാസറിന് സീറ്റ് നഷ്ടപ്പെട്ടത്.
കായംകുളം, അരൂർ എന്നിവിടങ്ങളിലാണ് ആർ നാസറിനെ പരിഗണിച്ചിരുന്നത്. സാമൂഹിക സമവാക്യങ്ങൾ പരിഗണിച്ച്, അരൂരിൽ സിറ്റിങ് എംഎൽഎയായ ദലീമ ജോജോ തന്നെ മത്സരിക്കണം എന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ലത്തീൻ സമുദായത്തിൽ നിന്നുള്ളയാളാണ് ദലീമ ജോജോ. അതിനാൽ അരൂരിൽ രണ്ടാം സാധ്യത മാത്രമാണ് നിലവിൽ ആർ നാസറിന്റെ സ്ഥാനാര്‍തിത്വം.
നിലവില്‍ കായംകുളത്ത് യു പ്രതിഭയല്ലാതെ മറ്റൊരാള്‍ മത്സരിച്ചാല്‍ വിജയം ഉറപ്പുവരുത്താന്‍ കഴിയുന്ന അവസ്ഥയല്ല നിലവിലുള്ളതെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ. അതിനാൽ സിറ്റിങ് എംഎൽഎയായ യു പ്രതിഭയെ തന്നെ മത്സരിപ്പിക്കണം എന്നാണ് സംസ്ഥാന നേതൃത്വം നിലപാടെടുത്തത്. ജനസമ്മതിയും ബിജെപി ഉയർത്തുന്ന ഭീഷണിയുമാണ് പ്രതിഭയെ തന്നെ കളത്തിലിറക്കാൻ പാർട്ടി കാരണമായി പറയുന്നത്. ഇതോടെ കായംകുളത്തെ ആർ നാസറിന്റെ സ്ഥാനാർത്ഥി സാധ്യതയും മങ്ങി. അതേസമയം, മത്സരിച്ചാൽ താൻ തോൽക്കുമെന്ന് ചിലർ തെറ്റായ വിവരം നൽകിയെന്ന് നാസറിന് പരാതിയുണ്ടെന്ന വിവരമുണ്ട്. ഇതിൽ വലിയ അതൃപ്തിയും നാസറിനുണ്ട്. ഈ അതൃപ്തി നാസർ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ആലപ്പുഴയിലെ സിറ്റിങ് എംഎൽഎമാരെയെല്ലാം ഉൾപ്പെടുത്തിയാണ് ആലപ്പുഴ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് സ്ഥാനാർത്ഥിസാധ്യത പട്ടിക നൽകിയത്. കായംകുളത്ത് പ്രതിഭയ്ക്ക് പുറമെ ആർ നാസർ, കെ എച്ച് ബാബുജാൻ എന്നിവരെയാണ് നിർദേശിച്ചിരുന്നത്. എന്നാൽ ബിജെപിയുടെ എ ക്ളാസ് മണ്ഡലമായതിനാൽ സിപിഐഎം കരുതലോടെയാണ് കായംകുളത്ത് തീരുമാനങ്ങളെടുക്കുന്നത്.
Content Highlights: Alappuzha District Secretary R Nasar will not contest the Kerala assembly elections as the party decided sitting MLAs from Kayamkulam and Aroor would run again, highlighting internal party strategy and seat allocation decisions.