പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുഡിഎഫിനായി മത്സിക്കാനുറപ്പിച്ച് പി കെ ശശി. യുഡിഎഫ് പിന്തുണയോടെ സിപിഐഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് ശശി മത്സരിക്കുക. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ പി കെ ശശി സമീപിച്ചു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ സഹായം തേടി ശശി കോൺഗ്രസ് - മുസ്ലീം ലീഗ് നേതാക്കളെ സമീപിച്ചത്.
സിപിഐഎമ്മുമായി അകന്ന് നിൽക്കുന്നതിനിടെയാണ് പി കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് സ്ഥാനം രാജിവെയ്ക്കുന്നതെന്ന് പി കെ ശശി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. രാജിക്കത്ത് കൈമാറിയെങ്കിലും സിപിഐഎമ്മുകാരനായി തുടരുമെന്നായിരുന്നു പി കെ ശശി അന്ന് പ്രതികരിച്ചിരുന്നത്.
അതിനിടെ പി കെ ശശി യുഡിഎഫ് നേതാക്കളെ കണ്ടു എന്നുള്ള വിവരവും പുറത്തുവന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെയാണ് കണ്ടത്. ഇതോടെ പി കെ ശശി കോൺഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമായിരുന്നു.
അതേസമയം, സ്വമനസാലെ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് രാജിയെന്നായിരുന്നു പി കെ ശശി കെടിഡിസി ചെയര്മാന് സ്ഥാനം രാജിവെച്ചുള്ള കത്തില്‍ പരാമർശിച്ചത്. അഞ്ച് വർഷക്കാലത്തെ കെടിഡിസിയിലുള്ള തന്റെ അനുഭവങ്ങൾ ഒരിക്കലും വിസ്മരിക്കാൻ സാധിക്കില്ല. വകുപ്പുമായി ബന്ധപ്പെട്ടവരെല്ലാം ഒരു ടീമായാണ് കെടിഡിസിയെ നയിച്ചത്. അതിന്റെ ഗുണമാണ് തുടർച്ചയായി രണ്ട് വർഷങ്ങളിൽ കെടിഡിസി നേടിയ ലാഭം. ആ ചാരിതാർത്ഥ്യത്തോടെയാണ് ചെയർമാൻ സ്ഥാനത്തുനിന്നും പടിയിറങ്ങുന്നതെന്നും പി കെ ശശി പ്രതികരിച്ചിരുന്നു.
Content Highlights: Former CPI M leader P K Sasi likely to enter the fray from Ottapalam with UDF Support