മാനന്തവാടിയിൽ ഒ ആർ കേളുവിനെ ഉറപ്പിച്ച് സിപിഐഎം; ജയലക്ഷ്മി വീണ്ടും മത്സരത്തിനിറങ്ങുമോ?

ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് എൽഡിഎഫ് മാനന്തവാടിയിൽ പോരാട്ടത്തിനിറങ്ങുന്നത്

കൽപ്പറ്റ: പരമ്പരാഗത ശക്തി കേന്ദ്രമായ മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ മികച്ച ഒരു തിരിച്ചുവരവാണ് യുഡിഎഫ് ഇത്തവണ ലക്ഷ്യമിടുന്നത്. മറുപക്ഷത്ത് ഹാട്രിക് വിജയം ലക്ഷ്യമിട്ട് എൽഡിഎഫും മണ്ഡലത്തില്‍ പോരാട്ടത്തിനിറങ്ങുന്നു. 2016ൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായിരുന്ന പി കെ ജയലക്ഷ്മിയെ അട്ടിമറിച്ചാണ് സിപിഐഎമ്മിൻ്റെ ഒ ആ‍ർ‍ കേളു മാനന്തവാടിയിൽ ആദ്യ വിജയം നേടിയത്. 1307 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു ഒ ആർ കേളുവിൻ്റെ വിജയം. 2021 ഒ ആർ കേളു വിജയം ആവർത്തിച്ചു. പി കെ ജയലക്ഷ്മി തന്നെയായിരുന്നു എതിരാളി. 2016ലെ ഭൂരിപക്ഷം 9282 ആയി വർദ്ധിപ്പിച്ചായിരുന്നു ഒ ആർ കേളുവിൻ്റെ രണ്ടാം വിജയം.

തദ്ദേശ തെരഞ്ഞെെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും മാനന്തവാടി മണഡലത്തിൽ നേടിയ മുന്നേറ്റം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മാനന്തവാടി മണ്ഡലത്തിൻ്റെ ഭാ​ഗമായ ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ ആറിലും ഭരണം നേടിയത് യുഡിഎഫാണ്. പരമ്പരാഗത ശക്തികേന്ദ്രമായ തിരുനെല്ലി പഞ്ചായത്തിൽ മാത്രമാണ് എൽഡിഎഫിന് ഭരണം നേടാൻ സാധിച്ചത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് 38,721 വോട്ടിൻ്റെ ലീഡ് നേടിയിരുന്നു. പിന്നീട് നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ​ഗാന്ധി മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ലീഡ് ഉയർത്തി 42,773 വോട്ടാക്കി മാറ്റിയിരുന്നു.

സിറ്റിംഗ് എംഎൽഎ മന്ത്രി ഒ ആർ കേളുവിനെ തന്നെ മാനന്തവാടിയിൽ വീണ്ടും മത്സരിപ്പിക്കാനാണ് സിപിഐഎം നീക്കം. ഒ ആർ കേളുവിൻ്റെ ജനകീയത ഇത്തവണയും വോട്ടായി മാറുമെന്നാണ് സിപിഐഎം കണക്കാക്കുന്നത്. യുഡിഎഫിൻ്റെ പരമ്പരാഗത ശക്തികേന്ദ്രമായ മാനന്തവാടിയിൽ വികസന പ്രവർത്തനങ്ങൾ ഒ ആർ കേളുവിനെ തുണയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. കോൺ​ഗ്രസ് ശക്തികേന്ദ്രമായ. വെള്ളമുണ്ട, പനമരം പഞ്ചായത്തുകളിൽ നിന്ന് സ്വന്തം നിലയിൽ ലീ​ഗ്, കോൺ​ഗ്രസ് വോട്ടുകൾ സമാഹരിക്കാൻ 2021ലെ തെരഞ്ഞെടുപ്പിൽ ഒ ആ‍ർ കേളുവിന് സാധിച്ചിരുന്നു. ഇത്തവണയും ലീ​ഗ്, കോൺ​ഗ്രസ് അനുഭാവികളുടെ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ ഒ ആ‍ർ കേളുവിന് സാധിക്കുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്.

യുഡിഎഫിന് അനുകൂലമായ വോട്ട് ബാങ്കുള്ള മാനന്തവാടിയിൽ കോൺ​ഗ്രസ് ആരെ പരീക്ഷിക്കുമെന്നത് നിർണ്ണായകമാണ്. കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയിൽ അം​ഗമായ പി കെ ജയലക്ഷ്മിയെ ഇത്തവണ കോൺ​ഗ്രസ് വീണ്ടും പരീക്ഷിച്ചേക്കാം. കന​ഗോലു സ‍ർവെയും ജയസാധ്യതയും പരി​ഗണിച്ചാൽ ജയലക്ഷ്മിയെ മത്സരിപ്പിക്കാൻ സാധ്യതയില്ല. എന്നാൽ ഉന്നതഘടകത്തിലെ അം​ഗമെന്ന നിലയിൽ മത്സരിക്കണമെന്ന് ജയലക്ഷ്മി സ്വന്തം നിലയിൽ ആവശ്യപ്പെട്ടാൽ കോൺ​ഗ്രസ് നേതൃത്വം അതിന് വഴങ്ങിയേക്കും. ജയലക്ഷ്മി മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചാൽ ജയലക്ഷ്മി നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിയെ കോൺ​ഗ്രസ് നേതൃത്വം പരി​ഗണിച്ചേക്കും. കോൺ​ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ നേതാവായ മുരളീദാസ് പിയാണ് ഇവിടെ കോൺ​ഗ്രസ് നേതൃത്വത്തിൻ്റെ പരി​ഗണനയിലുള്ള പ്രധാന സ്ഥാനാർത്ഥി. വടക്കേ വയനാട് മുൻ എംഎൽഎ കെ കെ അണ്ണൻ്റെ മകനാണ് മുരളീദാസ്് പി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അം​ഗം ഉഷ വിജയൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷിരാമൻ എന്നിവരും പരി​ഗണനയിലുണ്ട്. മുന്നണിയിലേക്ക് പുതുതായി വന്ന സി കെ ജാനുവിന്‍റെ പാർട്ടിയും മണ്ഡലത്തില്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സി കെ ജാനു സമ്മർദ്ദം ശക്തമാക്കുകയാണെങ്കില്‍ ഒരു പക്ഷെ യുഡിഎഫ് അനുകൂലമായ നിലപാട് സ്വീകരിച്ചേക്കും.

2021ലെ മാനന്തവാടിയിലെ തെരഞ്ഞെടുപ്പ് ഫലം

  • ഒ ആർ കേളു- എൽഡിഎഫ്- 72536 (47.54%)
  • പി കെ ജയലക്ഷ്മി- യുഡിഎഫ്- 63254 (41.46%)
  • പള്ളിയറ മുകുന്ദൻ- എൻഡിഎ- 13142 (8.61%)
  • ബബിത ശ്രീനു- എസ്ഡിപിഐ- 1992 (1.31%)
  • ലക്ഷ്മി- സ്വതന്ത്രൻ- 382 (0.25%)
  • കെ കെ കേളു- സ്വതന്ത്രൻ- 288 (0.19%)
  • വിജയ ചേലൂർ- ബിഎസ്പി- 190 (0.12%)
  • നോട്ട - 797
  • പോൾ ചെയ്ത വോട്ട് - 152581
  • ഭൂരിപക്ഷം - 9282

മാനന്തവാടി മണ്ഡലത്തെ ഇതുവരെ പ്രതിനിധീകരിച്ചവർ

  • 2021- ഒ ആർ കേളു- സിപിഐഎം
  • 2016-2021- ഒ ആർ കേളു- സിപിഐഎം
  • 2011-2016- പി കെ ജയലക്ഷ്മി- കോൺഗ്രസ്

Content Highlights: As Kerala gears up for the 2026 Assembly elections, CPI(M)-led LDF has locked in sitting MLA and Minister O.R. Kelu for the Mananthavady constituency, a key battleground in Wayanad. Meanwhile, UDF faces dilemmas over fielding former Minister P.K. Jayalakshmi again, amid strong local gains signaling a tough fight.

To advertise here,contact us