പാർട്ടി അവഹേളിച്ചു എന്ന് ചിന്തിക്കാൻ സാധ്യതയുള്ള സഖാവല്ല ജി സുധാകരൻ; ഇ പി ജയരാജൻ

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രാദേശിക നേതൃത്വത്തിനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചാണ് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചത്

തിരുവനന്തപുരം: പാർട്ടി അവഹേളിച്ചു എന്ന് ചിന്തിക്കാൻ സാധ്യതയുള്ള സഖാവല്ല ജി സുധാകരൻ എന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജൻ. നല്ല പക്വതയും കുറേ അനുഭവങ്ങളുമുള്ള ആളാണ് ജി സുധാകരൻ. ആ നിലയിൽ അദ്ദേഹം അങ്ങനെ ചിന്തിക്കും എന്ന് കരുതുന്നില്ല. അദ്ദേഹത്തെ പാർട്ടി എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് ഇ പി ജയരാജൻ പറഞ്ഞു. 63 വർഷത്തെ പാർട്ടി അംഗത്വ ചരിത്രമുള്ള താൻ ഇനി അംഗത്വം പുതുക്കുന്നില്ലെന്നും പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.

ഞങ്ങളെല്ലാം വിദ്യാർത്ഥി കാലം തൊട്ട് ഒരുമിച്ച് പ്രവർത്തിച്ചവരാണ്. ഒരുപാട് കാലത്തെ അനുഭവപരിചയമുള്ളവരാണ്. ഇങ്ങനെയൊക്കെ ചിന്തിക്കുന്ന സഖാവല്ല അദ്ദേഹമെന്നും ഇ പി ജയരാജൻ പറഞ്ഞു.

പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ച ജി സുധാകരൻ, പ്രാദേശിക നേതൃത്വം തന്നെ അവഗണിച്ചെന്നും സംസ്ഥാന സെക്രട്ടറി താൻ ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന തരത്തിൽ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും ആരോപിച്ചിരുന്നു. തനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം തന്റെ വീടിനടുത്തുവെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ച് പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബിഐആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ തനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ലെന്നും ജി സുധാകരൻ ആരോപിച്ചിരുന്നു.

സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നും ജി സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ അനുനയനീക്കത്തിന് പ്രാദേശിക നേതൃത്വം ശ്രമിച്ചിട്ടും ജി സുധാകരൻ വഴങ്ങുന്നില്ലെന്നാണ് വിവരം. ജില്ലാ സെക്രട്ടറി അദ്ദേഹത്തെ വിളിച്ചെങ്കിലും സംസാരിക്കാൻ കൂട്ടാക്കിയില്ല.

Content Highlight : E P jayarajan reacts on G Sudhakaran's cpim membership controversy

To advertise here,contact us