എറണാകുളത്ത് സോഹന്‍ സീനുലാല്‍; റോണ്‍ ബാസ്റ്റ്യനും എ ജെ റിയാസും സിപിഐഎം സ്ഥാനാർത്ഥി പരിഗണനയില്‍

വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ അധ്യക്ഷന്‍ എ ജെ റിയാസിനെയാണ് ആലുവയില്‍ പരിഗണിക്കുന്നത്

കൊച്ചി: എറണാകുളത്ത് മൂന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാൻ സിപിഐഎം. യുഡിഎഫിന് മേല്‍ക്കൈയുള്ള എറണാകുളം, തൃക്കാക്കര, ആലുവ മണ്ഡലങ്ങളിലാണ് സ്വതന്ത്രരെ നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിടാന്‍ സിപിഐഎം ഒരുങ്ങുന്നത്.

വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ അധ്യക്ഷന്‍ എ ജെ റിയാസിനെയാണ് ആലുവയില്‍ പരിഗണിക്കുന്നത്. 2011 മുതല്‍ കോണ്‍ഗ്രസിന്റെ അന്‍വര്‍ സാദത്ത് ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ ആലുവയില്‍ 2006ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ എ എം യൂസഫായിരുന്നു വിജയിച്ചത്.

സിപിഐഎം സ്വതന്ത്രനെ പരിഗണിക്കുന്ന മറ്റൊരു മണ്ഡലം തൃക്കാക്കരയാണ്. ഡോ. റോണ്‍ ബാസ്റ്റ്യനെ ആണ് പരിഗണിക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന റോണ്‍ ബാസ്റ്റ്യന്‍ എസ്എഫ്ഐ നേതാവായിരുന്നു. സെബാസ്റ്റ്യന്‍ പോളിന്റെ മകനാണ് റോണ്‍ ബാസ്റ്റ്യന്‍. 2022ലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ ഉമാ തോമസ് ആണ് തൃക്കാക്കരയിലെ സിറ്റിംഗ് എംഎല്‍എ.

എറണാകുളത്ത് സംവിധായകനും നടനുമായ സോഹന്‍ സീനു ലാലിനെയാണ് സിപിഐഎം പരിഗണിക്കുന്നത്. സിപിഐഎം നേതാവ് പി എന്‍ സീനുലാലിന്റെ മകനാണ് സോഹന്‍ സീനു ലാല്‍. കോണ്‍ഗ്രസിന്റെ ടി ജെ വിനോദ് ആണ് എറണാകുളത്തെ സിറ്റിംഗ് എംഎല്‍എ. രൂപീകരിച്ച കാലം മുതല്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ചുനില്‍ക്കുന്ന മണ്ഡലമാണിത്.

Content Highlights: CPIMmay field three independent candidates in Ernakulam including sohan seenulal

To advertise here,contact us