തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം ലഭിച്ചാൽ സ്വീകരിക്കുമെന്ന് എ വി ഗോപിനാഥ്. ഗുരുവായൂരപ്പന്റെ ഭക്തനാണ് താനെന്നും അങ്ങനെ ഒരു അവസരം വന്നാൽ അത് ഭാഗ്യമായി കരുതുമെന്നും എ വി ഗോപിനാഥ് പറഞ്ഞു.
മുഖ്യമന്ത്രിയോട് താൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. സർക്കാർ എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടോ എന്നറിയില്ല. അങ്ങനെ ഒരു സാഹചര്യം വന്നാൽ തീർച്ചയായും സ്വീകരിക്കുമെന്നും ഗോപിനാഥ് പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് വന്നപ്പോൾ എ വി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെ പ്രശ്നപരിഹാരത്തിന് കൂടി വേണ്ടി ഗോപിനാഥിന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം സർക്കാർ നൽകുമെന്ന സൂചന ഉയർന്നിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഗോപിനാഥും സിപിഐഎം പ്രാദേശിക നേതൃത്വവും തമ്മിൽ ഇടഞ്ഞതിന് പിന്നാലെ ചില അസ്വാരസ്യങ്ങൾ ഉയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചിട്ടും സിപിഐഎം തന്നെ കാലുവാരി തോൽപിച്ചു എന്നായിരുന്നു ഗോപിനാഥിന്റെ ആരോപണം.
2019 മുതൽ കോൺഗ്രസ് നേതൃത്വവുമായി അകലം പാലിച്ചിരുന്ന ഗോപിനാഥ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാർട്ടി വിട്ടു. 2023ൽ നവകേരള സദസിൽ പങ്കെടുത്തതോടെ പാർട്ടിയിൽനിന്ന് ഔദ്യോഗികമായി പുറത്താക്കി. കോൺഗ്രസ് വിട്ടതിന് പിന്നാലെ സ്വതന്ത്ര ജനാധിപത്യ മുന്നണി രൂപീകരിച്ച ഗോപിനാഥ്, ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മുമായി സഹകരിച്ച് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽനിന്ന് മത്സരിച്ചെങ്കിലും തോൽക്കുകയായിരുന്നു. 25 വർഷക്കാലം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുള്ള അദ്ദേഹം, 1991ൽ ആലത്തൂർ നിയമസഭാ മണ്ഡലത്തിൽനിന്ന് എംഎൽഎ ആയി വിജയിച്ചിരുന്നു.
Content Highlight : A V Gopinath says he will accept the post of Guruvayur Devaswom Board president if offered