തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സ്ഥലം പാട്ടത്തിനെടുത്തയാൾ അറസ്റ്റിൽ

പന്നിയെ പ്രതിരോധിക്കുന്നതിനായാണ് ഈ പുരയിടത്തിൽ വൈദ്യുകമ്പി വേലി സ്ഥാപിച്ചിരുന്നത്

നഗരൂർ: തിരുവനന്തപുരത്ത് ആറ്റിങ്ങലിന് സമീപം നഗരൂരിൽ ബ്ലോക്ക് ഓഫീസിന് സമീപമുള്ള പുരയിടത്തിൽ അച്ഛനെയും മകനെയും ഷോക്കേറ്റ് മരിച്ചനിലിയിൽ കണ്ടെത്തി. കൊച്ചുണ്ണി (65), മകൻ അഖിൽ (40) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത പുരയിടത്തിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ പറമ്പ് പാട്ടത്തിനെടുത്ത ആൾ തന്നെയാണ് മൃതദേഹങ്ങൾ കണ്ടത്. തോട്ടത്തിന് ചുറ്റും വൈദ്യുതി വേലി സജ്ജീകരിച്ചിരുന്നു. കെഎസ്ഇബി അധികൃതരും നഗരൂർ പൊലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

പന്നിയെ പ്രതിരോധിക്കുന്നതിനായാണ് ഈ പുരയിടത്തിൽ വൈദ്യുകമ്പി വേലി സ്ഥാപിച്ചിരുന്നത്. സംഭവത്തിൽ പറമ്പ് പാട്ടത്തിനെടുത്ത ഗോപാലനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ അനധികൃതമായി വൈദ്യുതി കമ്പി വേലി സ്ഥാപിച്ചുവെന്നാണ് കണ്ടെത്തൽ. രണ്ടുപേരും മരിച്ചെന്ന് വ്യക്തമായതോടെ ഇയാൾ കമ്പികൾ അഴിച്ചുമാറ്റി ഒളിപ്പിച്ചു. പൊലീസ് ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം ഗോപാലൻ സമ്മതിച്ചത്.

ഗോപാലനും അനധികൃതമായി വൈദ്യുതി നൽകിയ വീടിന്റെ ഉടമ വേണു പോറ്റിയെന്ന ആൾക്കെതിരെയും പൊലീസ് കേസെടുക്കും. വേണുവിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് ഗോപാലൻ. കൊച്ചുണ്ണിയുടെയും മകന്റെയും പോസ്‌മോർട്ടം വന്നതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തിയാകും ഗോപാലന്റെയും വേണുവിന്റെയും അറസ്റ്റ് രേഖപ്പെടുത്തുക.

Content Highlights: A father and his son were found dead in a field near Nagaroor, Thiruvananthapuram, suspected to have died from electrocution

To advertise here,contact us