വടകര: യുഡിഎഫില്‍ കെ കെ രമ ഉറിപ്പിച്ചു; ഇടതില്‍ ആര്? ആർജെഡിയില്‍ സ്ഥാനാർത്ഥിത്വത്തിനായി നിരവധിയാളുകള്‍

മണ്ഡലം സിപിഐഎം ഏറ്റെടുത്ത് ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി ബിനീഷിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമുണ്ട്

കോഴിക്കോട്: 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളുമായി സംസ്ഥാനത്ത് ഭരണത്തുടർച്ച നേടിയപ്പോഴും എല്‍ഡിഎഫിനെ സംബന്ധിച്ച് വലിയ തിരിച്ചടി നല്‍കിയ മണ്ഡലമായിരുന്നു വടകര. 1960ന് ശേഷം സോഷ്യലിസ്റ്റ് പാർട്ടികള്‍ മാത്രം വിജയിക്കുന്ന മണ്ഡലം കെ കെ രമയിലൂടെ യുഡിഎഫ് പക്ഷത്തേക്ക് ചാഞ്ഞു. ആർഎംപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ കെ രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുകയായിരുന്നു.

എല്‍ഡിഎഫില്‍ എല്‍ജെഡിക്ക് വേണ്ടി മത്സരിച്ച മനയത്ത് ചന്ദ്രനെതിരെ 7491 വോട്ടുകള്‍ക്കായിരുന്നു കെ കെ രമയുടെ വിജയം. യുഡിഎഫ് പിന്തുണയോടെ ഇത്തവണയും കെ കെ രമ തന്നെയാകും വടകരയിലെ ആർഎംപിഐ സ്ഥാനാർത്ഥി. ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നടത്തിയ മുന്നേറ്റവും യുഡിഎഫിന് ആശ്വാസ ഘടകങ്ങളാകുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ 22000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭ മണ്ഡലം ഷാഫി പറമ്പിലിന് നല്‍കിയത്.

ഇടതുപാളയത്തില്‍ ഇത്തവണയും സീറ്റ് ദളിന് തന്നെയായിക്കും. എന്നാല്‍ സീറ്റിനായി ആർജെഡിയില്‍ നിന്നും നിരവധി പേരുകളാണ് ഉയർന്ന് വരുന്നത്. മണ്ഡലം തിരികെ പിടിക്കണമെങ്കില്‍ കെ കെ ഭാസ്കരന്‍ സ്ഥാനാർത്ഥിയാകണമെന്നാണ് വലിയൊരു വിഭാഗത്തിന്റെ ആവശ്യം. കഴിഞ്ഞതവണ പാർട്ടിക്കുള്ളില്‍ ഉണ്ടായെന്ന് ആരോപിക്കപ്പെടുന്ന പാലം വലിയെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഇവർ അവകാശപ്പെടുന്നു.

2021ല്‍ മത്സരിച്ച് തോറ്റ മനയത്ത് ചന്ദ്രന്‍, എം കെ ഭാസ്കരന്‍, കെ ലോഹ്യ, സലീം മടവൂർ എന്നിവരുടെ പേരുകളും സജീവമായി ചർച്ചയിലുണ്ട്. നടക്കാന്‍ സാധ്യത വളരെ കുറവാണെങ്കിലും മണ്ഡലം സിപിഐഎം ഏറ്റെടുത്ത് ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി ബിനീഷിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടി അണികള്‍ സൈബർ ഇടങ്ങളില്‍ ശക്തമാക്കുന്നുണ്ട്. അതേസമയം, പ്രിയങ്ക, എം രാജേഷ് എന്നിവരുടെ പേരുകളാണ് ബിജെപി പാളയത്തില്‍ നിന്നും ഉയരുന്നത്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം

  • കെ കെ രമ – യുഡിഎഫ് – 65093 (47.63)
  • മനയത്ത് ചന്ദ്രൻ – എല്‍ഡിഎഫ് – 57602 (42.15)
  • എം രാജേഷ് കുമാർ – എന്‍ഡിഎ – 10225 (7.48)
  • മുസ്തഫ പാലേരി – എസ്ഡിപിഐ – 2836 (2.08)
  • ഗംഗാധരൻ മടപ്പള്ളി – സ്വതന്ത്രൻ – 186 (0.14)
  • കെ ടി കെ രമ പടന്നയിൽ – സ്വതന്ത്രൻ – 137 (0.10)
  • രമ കുനിയിൽ – സ്വതന്ത്രൻ – 126 (0.09)
  • വെള്ളുപറമ്പത്ത് ചന്ദ്രൻ – സ്വതന്ത്രൻ – 63 (0.05)
  • രമ ചെറിയകയ്യിൽ – സ്വതന്ത്രൻ – 52 (0.04)
  • നോട്ട – 353
  • പോൾ ചെയ്ത വോട്ടുകൾ – 136673
  • ഭൂരിപക്ഷം – 7491

വടകര നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചവർ

  • 2021- കെകെ രമ- ആർഎംപിആ (യുഡിഎഫ്)
  • 2016-2021 - സികെ നാണു- ജെഡിഎസ്
  • 2011-2016 - സികെ നാണു - ജെഡിഎസ്
  • 2006-2011- എംക പ്രേമനാഥ് - ജെഡിഎസ്
  • 2001-2006 - സികെ നാണു - ജെഡിഎസ്
  • 1996-2001 - സികെ നാണു -ജനതാദള്‍
  • 1991-1996 - കെ ചന്ദ്രശേഖരന്‍ -ജനതാദള്‍
  • 1987-1991 - കെ ചന്ദ്രശേഖരന്‍ -ജനതാ പാർട്ടി
  • 1982-1987 - കെ ചന്ദ്രശേഖരന്‍ -ജനതാ പാർട്ടി
  • 1980-1982 - കെ ചന്ദ്രശേഖരന്‍ -ജനതാ പാർട്ടി
  • 1977-1980 -കെ ചന്ദ്രശേഖരന്‍ -ഭാരതീയ ലോക്ദള്‍
  • 1970-1977 -എം കൃഷ്ണന്‍ - സോഷ്യലിസ്റ്റ് പാർട്ടി
  • 1967-1970- എം കൃഷ്ണന്‍ - പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
  • 1965 -എം കൃഷ്ണന്‍ -സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി*
  • 1960-1967- എം കൃഷ്ണന്‍ - സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി
  • 1957-1960- എം കേളു - സിപിഐ

Content Highlights: Discussions are underway regarding probable candidates from major political parties for the Vadakara Assembly constituency in the upcoming Kerala elections.

To advertise here,contact us