പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞത് 60 ദിവസം; മൂന്ന് വർഷങ്ങൾക്ക് ശേഷം അധ്യാപകൻ കുറ്റവിമുക്തനെന്ന് കണ്ടെത്തി കോടതി

വ്യാജ കേസില്‍ അകപ്പെട്ടതിന് പിന്നാലെ സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയതായി ഗണേശന്‍ പറഞ്ഞു

കാസര്‍കോട്: പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി കുറ്റവിമുക്തനാക്കി. തെക്കിന്‍ സ്വദേശി ഗണേശനെയാണ് ഹോസ്ദുര്‍ഗ് പോക്‌സോ കോടതി വെറുതെവിട്ടത്. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. പൊലീസ് ശരിയായി അന്വേഷിക്കാതെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

പരവനടുക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്നു ഗണേശന്‍. മൂന്ന് കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ഗണേശനെതിരായ കേസ്. സ്‌കൂളിലെ ഫണ്ടില്‍ അഴിമതിയുണ്ടെന്ന് ഗണേശന്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ കുട്ടികളെ ഉപയോഗിച്ച് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ഗണേശന്‍ ആരോപിക്കുന്നത്. കേസില്‍ 60 ദിവസമാണ് ഗണേശന്‍ ജയിലില്‍ കിടന്നത്. വ്യാജ കേസില്‍ അകപ്പെട്ടതിന് പിന്നാലെ സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയതായി ഗണേശന്‍ പറഞ്ഞു.

Content Highlight; Teacher arrested in POCSO case acquitted by court after three years

To advertise here,contact us