തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റ് എന്ന ആർജെഡിയുടെ ആവശ്യം തള്ളി സിപിഐഎം. സീറ്റ് വിഭജനം പൂർത്തിയാക്കാൻ നടത്തിയ ചർച്ചയിലാണ് ആർജെഡിയുടെ അധിക സീറ്റ് ആവശ്യം സിപിഐഎം തള്ളിയത്. വർഗീസ് ജോർജ്, നീല ലോഹിതദാസ് നാടാർ എന്നിവർ പങ്കെടുത്ത ചർച്ചയിലാണ് സിപിഐഎം അധിക സീറ്റിനോട് മുഖം തിരിച്ചത്.
കഴിഞ്ഞ തവണ നൽകിയ അതേ മൂന്ന് സീറ്റുകൾ ആർജെഡിക്ക് നൽകാനാണ് ചർച്ചയിൽ തീരുമാനമുണ്ടായത്. കല്പറ്റ, കൂത്തുപറമ്പ്, വടകര എന്നിവിടങ്ങളിലാണ് ഇത്തവണയും ആർജെഡി മത്സരിക്കുക. നാലാം സീറ്റായി കോവളത്തിന് വേണ്ടിയാണ് ആർജെഡി സമ്മർദ്ദം ചെലുത്തിയത്. എന്നാൽ സിപിഐഎം ഇത് അംഗീകരിച്ചില്ല. ഇതോടെ ഇടതുമുന്നണി വിടാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെ ആർജെഡിയുടെ അധിക സീറ്റ് എന്ന ആവശ്യവും പരാജയപ്പെട്ടിരിക്കുകയാണ്.
വടകര, കല്പറ്റ സീറ്റുകളെ ചൊല്ലി ധാരണയിൽ എത്താത്തതിനെ തുടർന്നാണ് ആർജെഡിയുടെ യുഡിഎഫ് പ്രവേശനം എങ്ങുമെത്താതെ പോയത്. നേരത്തെ ഇടതുമുന്നണി വിടണമെന്ന് ആർജെഡിയിലെ നാല് ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടിരുന്നു. എൽഡിഎഫിൽ ആർജെഡിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ശ്രേയാംസ് കുമാറും ആരോപിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായി സിപിഐഎം കാലുവാരിയെന്ന വികാരം പാർട്ടിക്കുള്ളിലുണ്ടെന്ന് ശ്രേയാംസ് കുമാർ ആരോപിച്ചിരുന്നു. കോഴിക്കോട് കോർപ്പറേഷനിലടക്കം ആർജെഡിക്ക് കൗൺസിലർ ഇല്ലാത്ത സാഹചര്യം ആദ്യമായാണെന്നും എൽഡിഎഫിൽ നിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മുന്നണി വിടില്ലെന്ന് തന്നെയാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlights: CPI(M) has rejected the RJD’s demand for additional seats in the upcoming Assembly elections during seat-sharing discussions. The decision came during negotiations aimed at finalizing seat allocation. Leaders including Varghese George and Neela Lohithadas Nadar participated in the talks