'തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ അധിക്ഷേപിക്കാൻ കൂട്ടുനിന്ന മുഖ്യമന്ത്രിയും റവന്യുമന്ത്രിയും മാപ്പുപറയണം'

അതേസമയം ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കവെ ഉണ്ടായ കൂവിവിളി മനോവിഷമമുണ്ടാക്കിയെന്ന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് പറഞ്ഞു

വയനാട്: വയനാട്ടില്‍ ടി സിദ്ധിഖ് എംഎൽഎയെ കൂക്കിവിളിച്ച് അധിക്ഷേപിച്ചതില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ അധിക്ഷേപിക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ രാജനും പരസ്യമായി മാപ്പുപറയണമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ദാന ചടങ്ങളില്‍ സംസാരിക്കവേയാണ് എംഎല്‍എയ്ക്ക് നേരെ കൂക്കിവിളിയുണ്ടായത്.

പൊതുപരിപാടിയില്‍ ജനപ്രതിനിധികളെ ബോധപൂര്‍വ്വം അധിക്ഷേപിക്കുന്ന സിപിഎം സംസ്‌കാരം അവരുടെ അധപതനത്തിന്റെ തെളിവാണ്. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അത് ആവര്‍ത്തിക്കാതിരിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കേരള സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്തു പ്രസംഗിക്കവേ സ്ഥലം എംഎല്‍എ കൂടിയായ ടി സിദ്ദിഖിനെതിരെ സംഘടിതമായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൂക്കിവിളിച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ല. വയനാട് ദുരന്തം നടന്ന അന്ന് രാത്രി മുതല്‍ രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസ പ്രവര്‍ത്തനത്തിനും ഉറക്കം ഒഴിഞ്ഞു നേതൃത്വം നല്‍കിയ ജനപ്രതിനിധിയാണ് ടി സിദ്ധിക്ക്. പൊതുപരിപാടിയില്‍ ജനപ്രതിനിധികളെ ബോധപൂര്‍വ്വം അധിക്ഷേപിക്കുന്ന സിപിഎം സംസ്‌കാരം അവരുടെ അധപതനത്തിന്റെ തെളിവാണ്. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അത് ആവര്‍ത്തിക്കാതിരിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കേണ്ടതായിരുന്നു. എന്നാല്‍ അവരുടെ മൗനം ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ക്ക് പിന്തുണ നല്‍കിയതിന് തെളിവാണ്. ഈ നടപടികള്‍ മുഴുവന്‍ ജനങ്ങളും രാഷ്ട്രീയ വ്യത്യാസമില്ലാതെ വിലയിരുത്തേണ്ടതാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ അധിക്ഷേപിക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രിയും ചടങ്ങില്‍ അധ്യക്ഷനായിരുന്ന റവന്യൂ മന്ത്രിയും പരസ്യമായി മാപ്പ് പറയണം.', സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കവെ ഉണ്ടായ കൂവിവിളി മനോവിഷമമുണ്ടാക്കിയെന്ന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് പറഞ്ഞു. കൂവല്‍ ആസൂത്രിതമാണെന്ന് സംശയമുണ്ട്. സംഭവം മനോവിഷമമുണ്ടാക്കി. ഇടപെടേണ്ടവര്‍ ഇടപെട്ടില്ല. ദുരിതബാധിതര്‍ ആരും കൂവിയിട്ടില്ല. അവരെല്ലാം കയ്യടിക്കുകയാണ് ചെയ്തതെന്നും ടി സിദ്ദിഖ് പറഞ്ഞു. കല്ലിട്ട് പോകുന്നവരെന്ന മന്ത്രി കെ രാജന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് ചെയ്തത്. ദുരന്ത ഭൂമിയില്‍ ഒരു തരത്തിലുള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങിനിടെയാണ് ടി സിദ്ദിഖിനെതിരെ കൂവിവിളിയുണ്ടായത്.

ചടങ്ങിന്റെ സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്റെ പേര് പറഞ്ഞപ്പോഴായിരുന്നു ആദ്യ കൂവിവിളി. ശേഷം സിദ്ദിഖ് പ്രസംഗിക്കാനായി എത്തിയപ്പോഴും സദസില്‍നിന്നും കൂവിവിളി ഉയര്‍ന്നു. ഇതേസമയം സിപിഐഎം നേതാക്കന്മാരായ വി വസീഫും കെ റഫീഖും എഴുന്നേറ്റ് ആളുകളെ കൂവി വിളിക്കുന്നതില്‍നിന്നും വിലക്കിയിരുന്നു.

Content Highlights: The KPCC president publicly criticised Kerala Chief Minister Pinarayi Vijayan and the state revenue minister over disagreements tied to controversies involving MLA T Siddique

To advertise here,contact us