'ഈ യുദ്ധം എത്രയും വേഗം അവസാനിക്കട്ടെ': ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് കെസിബിസി

തങ്ങളുടെ സ്വാർത്ഥ താല്‌പര്യങ്ങളുടെ വിജയവും ശത്രുവിൻ്റെ പൂർണമായ തകർച്ചയുമാണ് യുദ്ധങ്ങളിലൂടെ രാജ്യങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധ ഭീതിയിൽ ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് കെസിബിസി. പശ്ചിമേഷ്യ യുദ്ധ ഭീതിയിലാണെന്നും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനായി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ശുശ്രൂഷ നടത്തിക്കൊണ്ട് അവരുടെ വേദനയിൽ പങ്കുചേരണമെന്നും കെസിബിസി പ്രസിഡന്റ് വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത പറഞ്ഞു.

ഈ യുദ്ധം എത്രയും വേഗം അവസാനിക്കപ്പെടട്ടെ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങൾ മൂലം ഭൂമി തുടർച്ചയായി മുറിവേൽപ്പിക്കപ്പെടുകയാണ്. യുദ്ധങ്ങളുടെയും സായുധ സംഘർഷങ്ങളുടെയും ഇരകളെ ചേർത്തു പിടിക്കാനുള്ള സമയമാണിത്. യുദ്ധം എന്നത് തിന്മയാണെന്ന് തിരിച്ചറിയുവാൻ ലോകനേതാക്കൾക്കാവുന്നില്ല എന്നത് മനുഷ്യമനസകളെ വേദനിപ്പിക്കുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങളുടെ വിജയവും ശത്രുവിൻ്റെ പൂർണമായ തകർച്ചയുമാണ് യുദ്ധങ്ങളിലൂടെ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. യുദ്ധഭീകരതയുടെ ഇരകളാകുന്നത് പലപ്പോഴും നിരപരാധികളായ മനുഷ്യരാണെന്നത് നമ്മെ ഒത്തിരി വേദനിപ്പിക്കുന്നു. ആയതിനാൽ ഈ യുദ്ധക്കെടുതിയിൽ വേദന അനുഭവിക്കുന്ന എല്ലാവരെയും നമുക്ക് ചേർത്തു പിടിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ പ്രാർത്ഥനകൾ അനേകർക്ക് ആശ്വാസവും കരുത്തും പകരും എന്ന ഉറച്ച വിശ്വാസത്തോടെ നമുക്ക് മുന്നേറാം. കർത്താവ് നമുക്ക് സമാധാനവും നീതിയും നൽകുന്നതിനായും ലോകത്തിൽ നടന്നുവ രുന്ന സായുധ സംഘർഷങ്ങൾ മൂലം സഹിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിനായും സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മ എല്ലാ ജനതകളും സമാധാനത്തിൻ്റെ മാർഗം കണ്ടെത്തുന്നതിനായി മധ്യസ്ഥം വഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.

Content Highlight : KCBC has called upon the faithful to pray for world peace amid the prevailing war tensions in Middle East

To advertise here,contact us