സ്ത്രീസുരക്ഷാ പദ്ധതി വിവരങ്ങളും ചോർത്തി, മുഖ്യമന്ത്രി ചെയ്തത് ക്രിമിനൽ കുറ്റം;കത്തുകൾ പുറത്തുവിട്ട് ചെന്നിത്തല

'സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് ചേർത്തവരെ കൂടാതെ, എട്ട് ലക്ഷത്തോളം സംസ്ഥാന സർക്കാർ ജീവനക്കാർ, 72 ലക്ഷം ക്ഷേമ പെൻഷൻകാർ, മൂന്ന് ലക്ഷം ചെറുകിട സംരംഭകർ തുടങ്ങി ഒരു കോടിയിലേറെ പേരുടെ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്'

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി പേരുടെ ഡാറ്റ ചോർത്തിയെന്ന ആരോപണം ശക്തമാക്കി കോൺഗ്രസ്. ഒരു കോടിയിലേറെ പേരുടെ വിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ നിന്ന് ചോർത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് നൽകിയവരുടെ അടക്കം വിവരങ്ങളാണ് അവരുടെ സമ്മതമില്ലാതെ സ്വകാര്യ കമ്പനിക്ക് നൽകിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വകുപ്പുകളോട് ആളുകളുടെ പേര് വിവരങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുട ഓഫീസ് അയച്ച രണ്ട് കത്തുകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് എഴുതിയ കത്താണ് പുറത്തുവിട്ടിരിക്കുന്നത്.

സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് നൽകിയവരുടെ വിവരങ്ങൾ ചോർത്തിയതിലൂടെ ലക്ഷണക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് ചോർന്നതെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. 35ന് മുകളിൽ പ്രായമുള്ള സ്ത്രീകളുടെ പേര് വിവരങ്ങളാണ് ചോർത്തിയെടുത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നു.

യാതൊരു മുൻകരുതലുകളും സ്വീകരിക്കാതെയാണ് സ്വകാര്യ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയിരിക്കുന്നതെന്നും ഇത് ഗുരുതരമായ സാമൂഹിക പ്രശ്‌നമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡാറ്റ കൈമാറാൻ നേതൃത്വം നൽകിയ പിണറായി വിജയൻ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം ശക്തമായി വിമർശിച്ചു. സമഗ്ര അന്വേഷണം നടത്തണമെന്നു രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് ചേർത്തവരെ കൂടാതെ, എട്ട് ലക്ഷത്തോളം സംസ്ഥാന സർക്കാർ ജീവനക്കാർ, 72 ലക്ഷം ക്ഷേമ പെൻഷൻകാർ, മൂന്ന് ലക്ഷം ചെറുകിട സംരംഭകർ എന്നിവരുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള, ഗവൺമെന്റ് വെരിഫൈഡായ വ്യക്തിഗത വിവരങ്ങൾ മുൻകരുതലുകൾ സ്വീകരിക്കാതെ സ്വകാര്യ കമ്പനികൾക്ക് നൽകുമ്പോൾ അത് കൂടുതൽ പേരിലേക്ക് ചോരാനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും ചെന്നിത്തല ആശങ്ക പങ്കുവെച്ചു.

Content Highlights : Ramesh Chennithala alleges CM Pinarayi Vijayan of data leak even from women safety programs for election campaign.

To advertise here,contact us