ശ്രീലേഖയ്ക്കെതിരായ പോക്‌സോ കേസ്; തിരുവനന്തപുരം നഗരസഭാ യോഗത്തിൽ ബഹളം, രാജി ആവശ്യവുമായി സിപിഐഎം

പോക്‌സോ കേസിലെ പ്രതിയായ ശ്രീലേഖ കൗൺസിലിൽ പങ്കെടുത്തത് ജനാധിപത്യവിരുദ്ധമാണെന്ന് സിപിഐഎം കൗൺസിലർ എസ് പി ദീപക്

തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖയ്ക്കെതിരായ പോക്‌സോ കേസിൽ തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ പ്രതിപക്ഷ ബഹളം. നഗരസഭാ കൗൺസിൽ യോഗത്തിനിടെയാണ് നാടകീയ രംഗങ്ങൾ. യുഡിഎഫ് കൗൺസിലർമാർ വിഷയം ചർച്ചയിൽ ഉന്നയിച്ചു. എന്നാൽ ചെയർ പ്രസംഗിക്കാൻ അനുവദിക്കാതെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ ബഹളം വെച്ചു.

അതേസമയം ആർ ശ്രീലേഖക്കെതിരെയുള്ളത് ഗുരുതരമായ കേസാണെന്ന് കോർപ്പറേഷനിലെ സിപിഐഎം കൗൺസിലർ എസ് പി ദീപക് പറഞ്ഞു. അവർ ബജറ്റ് ചർച്ചയിൽ നിന്ന് മാറിനിൽക്കുമെന്ന് കരുതി. എന്നാൽ പൂർവ്വാധികം ശക്തിയോടെ യോഗത്തിൽ പങ്കെടുത്തു, ഇവിടെ ഒരു കൂസലും ഇല്ലാതെ കേസിനെ ന്യായീകരിക്കുകയാണ്. പോക്‌സോ കേസിലെ പ്രതിയായ ശ്രീലേഖ കൗൺസിലിൽ പങ്കെടുത്തത് ജനാധിപത്യവിരുദ്ധമാണ്. ധാർമികമായി അവർ രാജിവെച്ച് കൗൺസിലിൽ നിന്ന് പുറത്ത് പോകേണ്ടതാണ്. പക്ഷേ ഇത്തരം വിഷയങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് ബിജെപിയുടേതെന്ന് എസ് പി ദീപക് പറഞ്ഞു.

ബിജെപി ഭരണസമിതി അവതരിപ്പിച്ച കന്നി ബജറ്റിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ രൂക്ഷ വിമർശനം ഉന്നയിച്ചു. കോർപറേഷൻ ബജറ്റിൽ പൊരുത്തക്കേട് ഉണ്ടെന്നും അവതരിപ്പിച്ചത് തെറ്റായ കണക്കുകൾ ആണെന്നുമാണ് വിമർശനം. ബജറ്റിലെ കുറവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ എൻഡിഎ കൗൺസിലർമാർ പ്രസംഗം തടസ്സപ്പെടുത്തി. ഇതോടെ സഭയിൽ ബഹളം ശക്തമായി. പൊളിറ്റിക്കൽ റീൽ ഓടിക്കാനുള്ള ബഡ്ജറ്റാണിതെന്നും ബഡ്ജറ്റിൽ പറയുന്നത് അടിസ്ഥാനരഹിത കാര്യങ്ങളാണെന്നും എസ് പി ദീപക് പറഞ്ഞു.

തന്‍റെ യൂട്യൂബ് ചാനലിലൂടെ അതിജീവിതകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിലാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശ്രീലേഖക്കെതിരെ പോക്സോ കേസ് എടുത്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. അതിജീവിതയുടെ പേരുവിവരം പരസ്യപ്പെടുത്തരുതെന്ന നിയമത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന പ്രതി, അതിന് വിപരീതമായി തന്റെ ബ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരകളുടെ പേരുവിവരം പരസ്യപ്പെടുത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

Content Highlights:‌ Opposition members created a ruckus in the Thiruvananthapuram corporation Council over a POCSO case registered against R Sreelekha

To advertise here,contact us