കണ്ണൂർ: കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്സ്. പരിയാരം മെഡിക്കൽ കോളെജിലെ നഴ്സ് പി സി സ്മിതയാണ് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. കടുത്ത ശരീര വേദനയ്ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നുവെന്നും മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രിക്ക് എംആർഐ സ്കാൻ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്നു. രാത്രിയിൽ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങൾക്ക് മനസ്സിലായെന്നും സ്മിത പറയുന്നു.
രാവിലെയും ഭക്ഷണം വേണ്ടെന്ന് പറഞ്ഞ മന്ത്രിയെ തങ്ങൾ നിർബന്ധിച്ച് ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഐസിയുവിലെ നഴ്സുമാരായ തങ്ങൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മന്ത്രിയോട് ചോദിക്കുകയായിരുന്നു. മന്ത്രിയെ ചേർത്ത് പിടിച്ചുള്ള ഫോട്ടോ അങ്ങനെ എടുത്തതാണ്. തന്റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത്. മന്ത്രിയെന്നതിന് അപ്പുറം സഹോദരതുല്യമായാണ് അവർ തങ്ങളോട് ഇടപെട്ടത്. അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മന്ത്രി അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്. മന്ത്രി കാനുല ഇട്ടിട്ടുണ്ട്. ഭക്ഷണസമയം അത് ഡിസ്കണക്ട് ചെയ്തതാണ് .സൂചി ഇട്ടിട്ടുണ്ട്. മുൻപ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ ലോവർ ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക എന്ന് കുറിപ്പിൽ പറയുന്നു.
മന്ത്രിക്കൊപ്പം ഐസിയുവിൽവെച്ച് നഴ്സുമാർ എടുത്ത ചിത്രം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മന്ത്രി കയ്യിലൊരു സൂചി പോലും വെക്കാതെയാണ് ആശുപത്രിയിൽ കഴിയുന്നത് എന്നടക്കമായിരുന്നു വിമർശനം.
അതേസമയം വീണാ ജോർജ് ഇന്ന് പുലർച്ചെ ആശുപത്രി വിട്ടു. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗം മന്ത്രി തലസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു. തുടർ ചികിത്സകൾ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നടക്കും. ഇന്നലെ രാത്രിയിൽ ഓൺലൈനായി ചേർന്ന ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് യോഗത്തിൽ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്ചാർജ് ആവശ്യപ്പെട്ടിരുന്നു.
ഈ മാസം 25ന് വൈകീട്ടാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
Content Highlights: Nurse explains why she took a photo with Minister Veena George at icu