വെടിവെച്ചിടാൻ BJPക്ക് കള്ളത്തോക്ക് കൊടുത്തവർ;കോൺഗ്രസ് കെജ്‌രിവാളിന്റെ കാല് പിടിച്ച് മാപ്പ് ചോദിക്കണമെന്ന് ജലീൽ

'കെജ്‌രിവാള്‍ വേട്ടയുടെ ലക്ഷ്യം ഡല്‍ഹി സംസ്ഥാനം കൈക്കലാക്കലായിരുന്നു. അതിലവര്‍ വിജയിക്കുകയും ചെയ്തു'

മലപ്പുറം: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കുറ്റവിമുക്തരാക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ. കോണ്‍ഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്‌രിവാളിനെ ബിജെപി വെടിവെച്ചിട്ടു എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ വിമര്‍ശനം. കെജ്‌രിവാളിനെയും സിസോദിയയെയും ആസൂത്രിതമായി കുടുക്കാന്‍ കള്ളപ്പരാതി നല്‍കിയ കോണ്‍ഗ്രസ് കെജ്‌രിവാളിന്റെ കാല് പിടിച്ച് മാപ്പ് ചോദിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ശാപം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും തലയില്‍ ഇടിത്തീയായി പതിക്കുമെന്ന് കെ ടി ജലീല്‍ പരിഹസിച്ചു.

ആയിരം കോടിയുടെ ഇല്ലാത്ത അഴിമതി ആരോപിച്ചാണ് കോണ്‍ഗ്രസ് സിബിഐക്കും ഇ ഡിക്കും പരാതി നല്‍കിയത്. പരാതിയുടെ മുന്‍പിന്‍ നോക്കാതെ ഞൊടിയിടയില്‍ അതിനെ ആയുധമാക്കി ബിജെപിയും കേന്ദ്ര സര്‍ക്കാറും കെജ്‌രിവാളിനും സിസോദിയയ്ക്കും മേല്‍ ചാടിവീണ് കുരുക്ക് മുറുക്കുകയായിരുന്നുവെന്ന് കെ ടി ജലീല്‍ പറഞ്ഞു. നായാട്ട് പട്ടികളെ അഴിച്ച് വിടും പോലെ മോദിയും അമിത് ഷായും കേന്ദ്ര അന്വേഷണ ഏജന്‍സികളെ തുറന്നുവിട്ടു. കെജ്‌രിവാള്‍ വേട്ടയുടെ ലക്ഷ്യം ഡല്‍ഹി സംസ്ഥാനം കൈക്കലാക്കലായിരുന്നു. അതിലവര്‍ വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് കൊടുത്ത തോക്കുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ആംആദ്മിയെ ഡല്‍ഹിയില്‍ വെടിവെച്ചിട്ടത്. അത് കള്ളത്തോക്കായിരുന്നു എന്ന് അവസാനം സുപ്രീംകോടതി വിധിച്ചിരിക്കുന്നുവെന്നും കെ ടി ജലീല്‍ പറഞ്ഞു.

കൂടെ നിന്ന് ചതിക്കുന്ന കോണ്‍ഗ്രസിനെ ജനം ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ച് നിലംപരിശാക്കുന്ന കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ഏറ്റവും വൃത്തികെട്ട രൂപമാണ് കെജ്‌രിവാളിനെതിരെ അവര്‍ ഉപയോഗിച്ചത്. ആറു മാസത്തോളം ജയിലില്‍ കിടന്ന കെജ്‌രിവാള്‍ അനുഭവിച്ച വേദന ഊഹിക്കാവുന്നതേയുള്ളൂ. ചെയ്യാത്ത കുറ്റത്തിന് കെജ്‌രിവാളിനെ ജയിലിലടച്ച് അപമാനിച്ച മഹാപാപത്തിന് ബിജെപിക്കും കോണ്‍ഗ്രസിനും ജനങ്ങള്‍ മാപ്പു നല്‍കില്ല. ഇരു പാര്‍ട്ടികളെയും കൊന്ന് കൊലവിളിച്ച് മൂന്ന് തവണ തുടര്‍ച്ചയായി ഡല്‍ഹി പിടിച്ച കെജ്‌രിവാളിനോടുള്ള പക തീര്‍ക്കുകയായിരുന്നു കോണ്‍ഗ്രസും ബിജെപിയുമെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്രിവാളിനെ BJP 'വെടി'വെച്ചിട്ടു

ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയയേയും ആസൂത്രിതമായി കുടുക്കാന്‍ കള്ളപ്പരാതി നല്‍കിയ കോണ്‍ഗ്രസ് കെജ്രിവാളിന്റെ കാല് പിടിച്ച് മാപ്പ് ചോദിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ശാപം രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും തലയില്‍ ഇടിത്തീയായി പതിക്കും. ആയിരം കോടിയുടെ ഇല്ലാത്ത അഴിമതി ആരോപിച്ചാണ് കോണ്‍ഗ്രസ് സിബിഐക്കും ഇഡിക്കും പരാതി നല്‍കിയത്. പരാതിയുടെ മുന്‍പിന്‍ നോക്കാതെ ഞൊടിയിടയില്‍ അതിനെ ആയുധമാക്കി ബിജെപിയും കേന്ദ്ര സര്‍ക്കാറും കെജ്രിവാളിനും സിസോദിയക്കും മേല്‍ ചാടിവീണ് കുരുക്ക് മുറുക്കി. നായാട്ടു പട്ടികളെ അഴിച്ച് വിടും പോലെയാണ് മോദിയും അമിത് ഷായും കേന്ദ്ര അന്വേഷണ ഏജന്‍സികളെ തുറന്നുവിട്ടത്. കെജ്രിവാള്‍ വേട്ടയുടെ ലക്ഷ്യം ഡല്‍ഹി സംസ്ഥാനം കൈക്കലാക്കലായിരുന്നു. അതിലവര്‍ വിജയിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് കൊടുത്ത തോക്കുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ആംആദ്മിയെ ഡല്‍ഹിയില്‍ വെടിവെച്ചിട്ടത്. അത് കള്ളത്തോക്കായിരുന്നു എന്ന് അവസാനം സുപ്രീംകോടതി വിധിച്ചിരിക്കുന്നു. വിധി കേട്ട കെജ്രിവാള്‍ പൊട്ടിക്കരഞ്ഞുവെന്നാണ് വാര്‍ത്ത. ആകാശത്ത് മൂടിക്കെട്ടിക്കിടന്ന കാര്‍മേഘം പേമാരിയായി പെയ്തിറങ്ങിയ പോലെയായി അദ്ദേഹത്തിന്റെ കരച്ചില്‍. ആംആദ്മി പാര്‍ട്ടിയുടെ ആകാശത്തിന് കൂടുതല്‍ തിളക്കം കൈവന്നിരിക്കുന്നു. ഡല്‍ഹി മാത്രമല്ല രാജ്യം മുഴുവന്‍ കെജ്രിവാളിന്റെ നിരപരാധിത്വത്തില്‍ ആവേശം കൊള്ളും. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേക്ക് വൈദ്യുതി പ്രവാഹം പോലെ ഇരച്ചെത്തിയ ആംആദ്മി പാര്‍ട്ടി ഉത്തരേന്ത്യയില്‍ ബിജെപിയുടെ ശവക്കുഴി തോണ്ടും.

കൂടെ നിന്ന് ചതിക്കുന്ന കോണ്‍ഗ്രസ്സിനെ ജനം ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ച് നിലംപരിശാക്കുന്ന കോണ്‍ഗ്രസ്സ് സംസ്‌കാരത്തിന്റെ ഏറ്റവും വൃത്തികെട്ട രൂപമാണ് കെജ്രിവാളിനെതിരെ അവര്‍ ഉപയോഗിച്ചത്. ആറ് മാസത്തോളം ജയിലില്‍ കിടന്ന കെജ്രിവാള്‍ അനുഭവിച്ച വേദന ഊഹിക്കാവുന്നതേയുള്ളൂ. ചെയ്യാത്ത കുറ്റത്തിന് കെജ്രിവാളിനെ ജയിലിലടച്ച് അപമാനിച്ച മഹാപാപത്തിന് ബിജെപിക്കും കോണ്‍ഗ്രസ്സിനും ജനങ്ങള്‍ മാപ്പു നല്‍കില്ല. ഇരു പാര്‍ട്ടികളെയും കൊന്ന് കൊലവിളിച്ച് മൂന്ന് തവണ തുടര്‍ച്ചയായി ഡല്‍ഹി പിടിച്ച കെജ്രിവാളിനോടുള്ള പക തീര്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്സും ബിജെപിയും. മിസ്റ്റര്‍ കെജ്രിവാള്‍ അങ്ങയുടെ കൈകള്‍ ശുദ്ധമാണ്. അങ്ങേക്കെതിരെ ആയിരം കോടി പോയിട്ട് പത്തു രൂപയുടെ അഴിമതിക്ക് പോലും തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അങ്ങയുടെ രാഷ്ട്രീയ സംശുദ്ധിയുടെ ഏറ്റവും വലിയ സാക്ഷ്യപത്രമാണ്.

'സത്യം വന്നു, അസത്യം പരാജയപ്പെട്ടു. തീര്‍ച്ചയായും അസത്യം പരാജയപ്പെടേണ്ടതു തന്നെയാണ്' (വിശുദ്ധ ഖുര്‍ആന്‍)

Content Highlights- K T Jaleel said that Congress should apologize to Arvind Kejriwal, sparking political discussion

To advertise here,contact us