'കുഞ്ഞ് വിസര്‍ജ്യം വിഴുങ്ങിയത് അറിഞ്ഞിട്ടും സുഖപ്രസവത്തിന് കാത്തു'; കിന്‍ഡര്‍ ആശുപത്രിക്കെതിരെ കുടുംബം

ആശുപത്രിയുടെ അനാസ്ഥയില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന് കുടുംബം

കൊച്ചി: നവജാത ശിശുവിന്റെ മരണത്തില്‍ കളമശ്ശേരി കിന്‍ഡര്‍ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. ചളിക്കവട്ടം സ്വദേശികളായ റൊമാരിയോ-അലീന ദമ്പതികളാണ് ആശുപത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തങ്ങളുടെ കുഞ്ഞ് മരിക്കാന്‍ കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്നാണ് ദമ്പതികളുടെ ആരോപണം. കുഞ്ഞ് ഗര്‍ഭപാത്രത്തില്‍വെച്ച് തന്നെ കുഞ്ഞിന്റെ വിസര്‍ജ്യം വിഴുങ്ങി ഗുരുതരാവസ്ഥയിലായെന്നും എന്നാല്‍ സിസേറിയന്‍ നടത്താതെ പ്രസവത്തിനായി കാത്തുനിന്നെന്നുമാണ് ദമ്പതികള്‍ ആരോപിക്കുന്നത്. ഇത് കുഞ്ഞിന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും മരണത്തിന് കാരണമായെന്നുമാണ് കുടുംബം പറയുന്നത്.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയായിരുന്നു അലീനയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിനാറാം തീയതി രാവിലെയായിരുന്നു പ്രസവം തീരുമാനിച്ചിരുന്നത്. എന്നാല്‍ അമിനിയോട്ടിക് ഫ്‌ളൂയിഡ് പുറത്തേയ്ക്കുവന്ന സാഹചര്യത്തില്‍ അലീനയെ പുലര്‍ച്ചെ തന്നെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ കുഞ്ഞ് വിസര്‍ജ്യം വിഴുങ്ങിയിരുന്നു. ഈ സമയം നഴ്‌സുമാര്‍ മാത്രമാണ് ലേബര്‍ റൂമില്‍ ഉണ്ടായിരുന്നത്. കുഞ്ഞിന്റെ തല പുറത്തേയ്ക്ക് വന്നപ്പോള്‍ മാത്രമാണ് അവര്‍ ഡോക്ടര്‍മാരെ വിവരം അറിയിച്ചതെന്ന് അലീന പറഞ്ഞു. സ്ഥിതി മോശമായിട്ടും സിസേറിയന്‍ നടത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. പ്രവസം കഴിഞ്ഞ ശേഷം കുഞ്ഞിന് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും എട്ടാം ദിവസം മരിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.

പൂര്‍ണമായും സുഖപ്രസവം എന്നതാണ് ആശുപത്രിയുടെ പരസ്യം. അതിന് കോട്ടയം തട്ടുമെന്ന കാരണത്താല്‍ ആശുപത്രി അധികൃതര്‍ സിസേറിയന് തയ്യാറായില്ലെന്നും കുടുബം കുറ്റപ്പെടുത്തി. അതേസമയം, കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. പരിശോധനയില്‍ കുഞ്ഞിന് ആരോഗ്യപ്രശ്‌നം ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. അതുകൊണ്ടാണ് സുഖപ്രസവത്തിന് കാത്തുനിന്നത്. ജനിച്ച ശേഷവും കുഞ്ഞിന് ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Content Highlights- A family has alleged that negligence by hospital authorities resulted in the death of their baby.

To advertise here,contact us