'ദിലീപിനെ വെറുതെ വിട്ട വിധി റദ്ദാക്കണം'; വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് പ്രോസിക്യൂഷന്‍

പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റവാളികളുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റവാളികളുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണം, ദിലീപ് ഉള്‍പ്പെടെ കേസില്‍ വെറുതെ വിട്ട പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

വിചാരണക്കോടതി വിധിയെ പ്രോസിക്യൂഷന്‍ നിശിതമായി വിമര്‍ശിച്ചു. വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് യുക്തമായ സന്ദേശമായിരിക്കണം. ദിലീപ് ഉള്‍പ്പെടെ പ്രതികളെ വിറുതെവിട്ടത് നിയമ വിരുദ്ധമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികളെ വെറുതെവിട്ടത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണ്. പ്രതികള്‍ക്ക് അന്യായമായ ആനുകൂല്യം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട വിചാരണ കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തു. അതിജീവിതയുടെ സ്വകാര്യത ഹനിക്കപ്പെട്ടിട്ടില്ലെന്ന കണ്ടെത്തല്‍ വസ്തുതാ വിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ഇങ്ങനെ കണ്ടെത്തിയത്. ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ഉദ്യോഗസ്ഥരുടെ മൊഴികളും വിചാരണക്കോടതി മുഖവിലക്കെടുത്തിട്ടില്ല. പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നിട്ടില്ലെന്ന വാദം അശാസ്ത്രീയമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമാണ് വിചാരണ കോടതിയുടെ നിഗമനമെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. വിചാരണക്കോടതി ബോധപൂര്‍വ്വം തെറ്റായ വിവരണം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന് എതിരെയുള്ള പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ്. കോടതിയുടെ നിരീക്ഷണങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ട്. തെളിവുകള്‍ ഇല്ലാതെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിമര്‍ശിച്ചത്. നിയമവിരുദ്ധമായ പരാമര്‍ശങ്ങളും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടത്തി. കോടതിയുടെ പരാമര്‍ശങ്ങള്‍ അന്വേഷണത്തിന്റെ വിശ്വാസത്തെ ബാധിക്കുന്നതാണ്.അന്വേഷണത്തിനെതിരെയുള്ള നിഗമനങ്ങള്‍ വസ്തുതാപരമല്ല. അന്വേഷണം സമഗ്രവും വസ്തുനിഷ്ഠവും ആയിരുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Content Highlights- The prosecution has moved the Kerala High Court challenging the trial court’s verdict that acquitted actor Dileep in the assault case

To advertise here,contact us