'ജനിച്ച മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല, അത് കേരളം നൽകുന്ന ഉറപ്പ്, നേറ്റിവിറ്റി കാർഡ് നടപ്പിൽ വരും'

മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നേറ്റിവിറ്റി കാര്‍ഡിനെ കുറിച്ച് സംസാരിച്ചത്

തിരുവനന്തപുരം: കേരളത്തിൽ നേറ്റിവിറ്റി കാർഡ് ഉടൻ നിലവിൽ വരുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം അവസാനിച്ച നിയമസഭാ സമ്മേളനത്തിലാണ് നേറ്റിവിറ്റി കാർഡ് ബിൽ 2026 പാസ്സാക്കിയത്. ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ലെന്നും അത് കേരളം നൽകുന്ന ഉറപ്പാണെന്നും പിണറായി വിജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പുറന്തള്ളലിന്റെ രാഷ്ട്രീയം പറയുന്ന വിഭജന നയങ്ങൾക്കെതിരെ കേരളത്തിന്റെ ശക്തമായ പ്രതിരോധമാണ്, ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തിലൂന്നിയുള്ള നേറ്റിവിറ്റി കാർഡ് ബിൽ എന്നും അദ്ദേഹം പറഞ്ഞു.

ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകുംവിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.

നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരും തങ്ങളുടെ പൂർവ്വികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശപൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകും. തൊഴിൽ സംബന്ധമായോ, ജീവനോപാധി സംബന്ധമായ, മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിന് പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും.

കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിൽദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണെന്നും നിയമം നിർദേശിക്കുന്നുണ്ട്. കാർഡ് ആവശ്യമുള്ളവർക്ക് തഹസിൽദാർ മുമ്പാകെ അപേക്ഷ നൽകാം. സർക്കാർ വകുപ്പുകൾക്ക് വിവിധ ആവശ്യങ്ങൾക്കായി ഏതെല്ലാം സാഹചര്യങ്ങളിൽ മറ്റ് രേഖകളോടൊപ്പം ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് ഉപയോഗിക്കാമെന്ന് സർക്കാർ വിജ്ഞാപനമറിയിക്കും.

നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിർണയിക്കപ്പെട്ട രീതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിത ഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷ പ്രകാരം ജില്ലാ കളക്ടർക്ക് റവന്യു ഡിവിഷണൽ ഓഫീസർ കൈക്കൊണ്ട തീരുമാനമോ, പാസാക്കിയ ഉത്തരവോ പുനഃപരിശോധിക്കാവുന്നതും റദ്ദുചെയ്യുകയോ മാറ്റംവരുത്തുകയോ ചെയ്യാവുന്നതുമാണ്. എന്നാൽ, കക്ഷിക്ക് പറയാനുള്ള ന്യായമായ ഒരു അവസരം നൽകാതെ ഇത്തരമൊരു തീരുമാനമെടുക്കാൻ പാടില്ലെന്നും സർക്കാർ നേരത്തെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

പൗരത്വവുമായി ബന്ധപ്പെട്ട അരക്ഷിത ബോധമില്ലാതാക്കാൻ എല്ലാവർക്കും നേറ്റിവിറ്റി കാർഡ് നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാടിന്റെ പ്രഖ്യാപനമാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്റെ അവസാന ദിവസം പാസ്സാക്കിയ കേരള നേറ്റിവിറ്റി കാർഡ് ബിൽ, 2026.

ഒരാൾ ജന്മം കൊണ്ട് കേരളീയനാണ് എന്നു സാക്ഷ്യപ്പെടുത്തുന്നതിന് കേരള സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ ജനനം, സ്ഥിരം മേൽവിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി നേറ്റിവിറ്റി കാർഡ് നൽകുന്നതിനും, അത് കേരള സർക്കാർ നൽകുന്ന സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള ആധികാരിക രേഖയായി അംഗീകരിച്ചുകൊണ്ടുമുള്ള ബില്ലാണ് നിയമസഭ പാസ്സാക്കിയത്.

സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയായ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നിലവിൽ നിയമ പ്രാബല്യമുള്ളതായിരുന്നില്ല. ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്ന നിലയാണ്. നേറ്റിവിറ്റി കാർഡിന് നിയമപ്രാബല്യം ലഭിക്കുന്നതോടെ ആധികാരികവും നിയമ പിൻബലമുള്ളതുമായ രേഖ വ്യക്തികൾക്കു ലഭിക്കും.

ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല. അത് കേരളം നൽകുന്ന ഉറപ്പാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയം പറയുന്ന വിഭജന നയങ്ങൾക്കെതിരെ കേരളത്തിന്റെ ശക്തമായ പ്രതിരോധമാണ്, ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തിലൂന്നിയുള്ള നേറ്റിവിറ്റി കാർഡ് ബിൽ.

Content Highlights: Chief Minister Pinarayi Vijayan latest post about nativity card

To advertise here,contact us