തിരുവനന്തപുരം ഗവ. ലോ കോളെജിൽ KSU പ്രവർത്തകരെ SFIക്കാർ ക്ലാസ് തടങ്കലിൽ വെച്ചതായി ആരോപണം

പെൺകുട്ടികളെ അടക്കം എസ്എഫ്‌ഐ തടങ്കലിൽ ആക്കിയെന്നാണ് കെഎസ്‌യുവിന്‍റെ ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകരെ എസ്എഫ്‌ഐ പ്രവർത്തകർ ക്ലാസ് തടങ്കലിൽ വെച്ചെന്ന് ആരോപണം. മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു ക്ലാസ് ക്യാമ്പയിൻ നടത്തിയിരുന്നു. ഇതിനിടെ പെൺകുട്ടികളെ അടക്കം എസ്എഫ്‌ഐ തടങ്കലിൽ ആക്കിയെന്നാണ് ആരോപണം. എസ്എഫ്ഐ പ്രവർത്തകർ തങ്ങളെ പൂട്ടിയിട്ടുവെന്നും 20 ഓളം വിദ്യാർത്ഥികളെ കോളെജിലെ സെമിനാർ ഹാളിൽ ഇപ്പോഴും പൂട്ടിയിട്ടിരിക്കയാണെന്നും കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു. എന്നാൽ ആരോപണം എസ്എഫ്ഐ നിഷേധിച്ചു.

സംഘർഷാവസ്ഥ കണക്കിലെടുത്ത് കോളെജിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുമായി കോളെജ് പ്രിൻസിപ്പൽ ചർച്ച നടത്തിയതായാണ് വിവരം.

കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ എസ്എഫ്ഐയും കെഎസ്‌യുവും ചേരിതിരിഞ്ഞ് കടുത്ത പ്രതിഷേധ പരിപാടികൾ സംസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കെഎസ്‌യു നിഷേധിച്ചിരുന്നു.

Content Highlights: Allegations surfaced that SFI activists placed KSU activists in class detention at the Thiruvananthapuram Government Law College

To advertise here,contact us