കൊച്ചി: വിവാദ ചിത്രം 'കേരള സ്റ്റോറി2'വിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ട്രാവൽ ഫുഡ് വ്ളോഗറുമായ സുജിത് ഭക്തന്. ഫിജിയുടെ തലസ്ഥാനമായ സുവായിലൂടെയുള്ള യാത്രക്കിടെ കേരള സ്റ്റോറി2 പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സുജിത് ഭക്തന് വീഡിയോയിലൂടെ അമര്‍ഷം പ്രകടിപ്പിച്ചത്. 'കേരള സ്റ്റോറി'യെന്ന് പേരുകൊടുക്കാന്‍ ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളമെന്നും ലോകരാജ്യങ്ങളില്‍ മുഴുവന്‍ കേരളത്തെ അപമാനിക്കാന്‍ വേണ്ടി കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളാണ് ഇതെന്നും സുജിത് ഭക്തന് വിമര്‍ശിച്ചു.
'നമ്മുടെ നാട്ടില്‍ കേരള സ്റ്റോറി വിവാദം നടന്നുകൊണ്ടിരിക്കുകയല്ലേ. ഞാന്‍ ഇപ്പോള്‍ ഫിജിയെന്ന സ്ഥലത്താണ് ഉള്ളത്. ഓസ്ട്രേലിയുടെ മുകളില്‍ കിടക്കുന്ന പസഫിക് രാജ്യമാണ് ഫിജി. ഫിജിയുടെ തലസ്ഥാനമായ സുവാ എന്ന സ്ഥലത്തെ തിയറ്ററിന് മുന്നില്‍ കേരള സ്റ്റോറി 2വിന്റെ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. സിനിമ നാളെ പ്രദര്‍ശിപ്പിക്കുമെന്ന് പറയുന്ന പോസ്റ്റര്‍ ആണിത്. എന്നാ വേണ്ടത് ഇവന്മാര്ക്ക്. സത്യം പറഞ്ഞാല്‍ ദേഷ്യവും അമര്‍ഷവും വരുന്നുണ്ട്. ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം കേരള സ്റ്റോറിയെന്ന് പേരുകൊടുക്കാന്‍. ഭയങ്കരമോശമാണ്. ലോകരാജ്യങ്ങളില്‍ മുഴുവന്‍ കേരളത്തെ അപമാനിക്കാന്‍ വേണ്ടി കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളാണ്', എന്നാണ് സുജിത് ഭക്തന് വീഡിയോയില്‍ പറയുന്നത്.
കഴിഞ്ഞദിവസം കേരള സ്റ്റോറി സിനിമയെ വിമര്‍ശിച്ച് വ്ളോഗര്‍ മുബാറകും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമെല്ലാം ഏറെ സ്നേഹത്തിലും സാഹോദര്യത്തിലുമാണ് കഴിയുന്നത് എന്നും മറിച്ചുള്ള വ്യാഖ്യാനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് അതിഥിതൊഴിലാളി കൂടിയായ മുബാറക്ക് പറയുന്നത്. കേരളത്തിലെ സ്കൂളുകളും ആശുപത്രികളുമടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഏറെ മികച്ചതാണെന്ന് പറയുന്ന വീഡിയോയില്‍ സര്‍ക്കാരിനെയും മുബാറക്ക് പ്രശംസിക്കുന്നുണ്ട്. ഒരിക്കലെങ്കിലും കേരളത്തില്‍ വരൂ എന്നാണ് കേരള സ്റ്റോറി സിനിമാക്കാരോട് മുബാറക്ക് പറയുന്നത്.
അതിനിടെ സിനിമയുടെ പ്രദര്‍ശനാനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം തീരുംവരെ കേരള സ്റ്റോറി2വിന്റെ റിലീസ് പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം.
Content Highlights: Sujith Bhakthan against Kerala story 2 in fuji