തൃപ്പൂണിത്തുറയിൽ സ്വരാജ് വേണമെന്ന് ആവശ്യം; ജയസാധ്യതയുണ്ടെന്ന് വിലയിരുത്തൽ

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് എം സ്വരാജിനായി ആവശ്യം ഉയർന്നത്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം സ്വരാജ് വേണമെന്ന് ആവശ്യം. ഇന്ന് ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് സ്വരാജിനായി ആവശ്യം ഉയർന്നത്. മണ്ഡലത്തിൽ സ്വരാജ് മത്സരിച്ചാൽ ജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

സ്വരാജിനൊപ്പം മുൻ മേയറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എം അനിൽ കുമാറിന്റെ പേരും മണ്ഡലത്തിൽ പരിഗണനയിലുണ്ട്. അതേസമയം എറണാകുളം ജില്ലയിലെ അഞ്ച് സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. പറവൂർ സീറ്റ് വെച്ചുമാറാനും ആലോചനയുള്ളതായാണ് വിവരം.

കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയിൽ കെ ബാബുവാണ് നിലവിൽ എംഎൽഎ. 1991 മുതൽ 2016വരെ കെ ബാബുവായിരുന്നു തുടർച്ചയായി എംഎൽഎ. എന്നാൽ 2016ലെ തെരഞ്ഞെടുപ്പിൽ എം സ്വരാജിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചു പിടിച്ചിരുന്നു. 2021 ലെ തെരഞ്ഞെടുപ്പിൽ കെ ബാബുവും സ്വരാജും ഏറ്റുമുട്ടിയെങ്കിലും വിജയം യുഡിഎഫിനായിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ ബാബു വ്യക്തമാക്കിയതോടെ കോൺഗ്രസ് ജനകീയനായ മറ്റൊരാളെയായിരിക്കും മണ്ഡലത്തിൽ പരിഗണിക്കുക. കോൺഗ്രസ് വക്താവ് രാജു പി നായർ, രമേഷ് പിഷാരടി, കെപിസിസിവൈസ് പ്രസിഡന്റ് എം ലിജു എന്നിവർ കോൺഗ്രസിന്റെ പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlights: The CPIM Ernakulam secretariat has called for M Swaraj to be fielded as the Left candidate in the upcoming Tripunithura assembly elections

To advertise here,contact us