'2026ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജിന് മാത്രം അവകാശപ്പെട്ടതാണ്'; KSU വൈസ് പ്രസിഡന്റ്

ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഹമ്മദ് ഷമ്മാസ് റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ പരിഹാസ പരാമർശവുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. '2026ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജിന് മാത്രം അവകാശപ്പെട്ടതാണ്' എന്നാണ് മുഹമ്മദ് ഷമ്മാസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിലും ഷമ്മാസ് തന്റെ പരാമർശനം ആവർത്തിച്ചു. 'കൃത്യമായ ബോധ്യത്തോടെ ഞാൻ സംസാരിക്കുന്നത്. മന്ത്രി പണ്ട് സ്‌കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ സമ്മാനം നേടിയതിന്റെ കഴിവ് ഇപ്പോഴാണ് പുറത്തുവരുന്നത്. മന്ത്രിക്ക് കെഎസ്‌യു പ്രവർത്തകരുടെ ഭാഗത്ത് ഒരു തരത്തിലുമുള്ള ആക്രമണവും പരിക്കും ഏറ്റിട്ടില്ല. മന്ത്രി അഭിനയിക്കുകയാണ്. ഇനി മന്ത്രിക്ക് പരിക്ക് ഏറ്റു എന്നത് യാഥാർത്ഥ്യമാണെങ്കിൽ പൊലീസുകാർ കാണിച്ച ഷോയ്ക്കിടയിൽ പറ്റിയതാകും എന്നേ പറയാനുള്ളു,' മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

മന്ത്രിക്ക് പരിക്കേറ്റുവെന്നത് സിപിഐഎം വ്യാഖ്യാനം മാത്രമാണെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും പ്രതികരിച്ചിരുന്നു. പ്രവർത്തകരുടെ പ്രതിഷേധം ഒരിക്കലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് മാറിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് അലോഷ്യസ് റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

'മന്ത്രി രക്തസാക്ഷി പരിവേഷം അണിയുകയാണ്. മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ആരോഗ്യമേഖല വെന്റിലേറ്ററായി കിടക്കുമ്പോൾ മന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകും. ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങൾ സ്വാഭാവികമാണ്.

ചാനലിലും മറ്റും വന്ന ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ചാണ് ഞാൻ സംസാരിക്കുന്നത്. പ്രതിഷേധക്കാർ അടുത്ത് എത്തിയപ്പോൾ തന്നെ പൊലീസ് തടഞ്ഞു. മന്ത്രിയുടെ അടുത്തേക്ക് കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ല. മന്ത്രി പൊലീസ് വലയത്തിലായിരുന്നു.

ആരോഗ്യമന്ത്രിയ്ക്ക് നേരെ ഒരു കയ്യേറ്റവും നടന്നിട്ടില്ല,' അലോഷ്യസ് സേവ്യർ പറഞ്ഞു.

ചികിത്സാപ്പിഴവുകളടക്കം ആരോഗ്യമേഖലയ്‌ക്കെതിരെ ഉയരുന്ന നിരവധി പരാതികൾ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സമരം നടത്തുന്നത്. വീണ ജോർജിന്റെ ഔദ്യോഗിക വസതിയിൽ കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കണ്ണൂരിൽ വെച്ച് കെഎസ് യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റിരിക്കുന്നത്.

മന്ത്രിക്ക് ഗുരുതരമായ പരിക്കാണുണ്ടായതെന്നും അനങ്ങാൻ പോലും കഴിയുന്നില്ലെന്നും സ്പീക്കർ എ എൻ ഷംസീർ റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞിരുന്നു. സംഭവത്തെ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. ആരോഗ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ഹീന രാഷ്ട്രീയമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത് ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും പിണറായി വിജയൻ പ്രസ്താവനയിലൂടെ പ്രതികരിച്ചു. ഇടത് നേതാക്കളെല്ലാം കോൺഗ്രസിനെ ശക്തമായി വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തുമെന്ന് സിപിഐഎമ്മും അനുബന്ധ സംഘടനകളും അറിയിച്ചിട്ടുണ്ട്.

Content Highlights : KSU Vice President calls Veena George's injury in the KSU protest fake. P Muhammed Shammas says she will best actress award.

To advertise here,contact us