തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത സംഭവമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയിലെയും വനിതാ മന്ത്രിക്കെതിരെ ഇന്നേവരെ കടന്നാക്രമണം ഉണ്ടായിട്ടില്ല. ഇത് ആസൂത്രിതമായി പ്ലാൻ ചെയ്ത പദ്ധതിയുടെ ഭാഗമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റിരിക്കുന്നുവെന്നും കയ്യും കഴുത്തും പിടിച്ച് തിരിക്കുന്ന നിലയിലേക്ക് വരെ എത്തിയെന്നുമാണ് വിവരം. അതിക്രൂരമായ കടന്നാക്രമണമാണ് കോൺഗ്രസിന്റെ അറിവോടെ യൂത്ത് കോൺഗ്രസും കെഎസ്യുവും ചേർന്ന് നടത്തിയത്. മന്ത്രി വീണാ ജോർജിന്റെ വീട്ടിൽ യൂത്ത് കോൺഗ്രസുകാർ നേരത്തെ റീത്ത് വെച്ചിരുന്നു. കൊല്ലുക എന്നതാണ് അവർ ഇതിന്റെ ഭാഗമായി ഉന്നം വെക്കുന്നത്. അതിക്രൂരമായ കടന്നാക്രമണത്തെ കേരള സമൂഹം ഒറ്റക്കെട്ടായി എതിർക്കുമെന്നതിൽ സംശയമില്ല. കേട്ടുകേൾവിയില്ലാത്ത രീതിയിൽ ജനപ്രതിനിധിയെ, പ്രത്യേകിച്ച് വനിതാ മന്ത്രിയെ തന്നെ കടന്നാക്രമിക്കുന്ന നിലയാണ് കണ്ണൂരിലുണ്ടായത്. ഇതിൽ പ്രതിഷേധിച്ച് ഇന്നുതന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം വലിയ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ഗോവിന്ദൻ പറഞ്ഞു.
കണ്ണൂർ റെയിൽ വെ സ്റ്റേഷനിൽ വെച്ച് കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റത്. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിനുവേണ്ടി സ്റ്റേഷനിൽ എത്തിയതായിരുന്നു മന്ത്രി. പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. മന്ത്രിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി.
Content Highlights: CPIM State Secretary M V Govindan stated that the incident involving Health Minister Veena George was unprecedented in Kerala’s political history