തിരുവനന്തപുരം: ഡി എ സന്ദേശ വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. വ്യക്തിഗതമായ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഭദ്രമാണെന്നും ഈ വിവരങ്ങള്‍ ഒന്നും തന്നെ സര്‍ക്കാരിന് പുറത്തുള്ള ഒരു ഏജന്‍സിയുമായും പങ്കുവയ്ക്കുകയോ കൈമാറുകയോ ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഡി എ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഡാറ്റാ ചോർച്ച ഉണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.
എല്ലാ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കുവാന്‍ സര്‍ക്കാരിന് ഐ ടി വകുപ്പിന്റെ കീഴില്‍ തന്നെ വിപുലമായ സ്റ്റേറ്റ് ഡാറ്റ സെന്റര്‍ സംവിധാനം ഉണ്ടെന്നും അറിയിപ്പുകള് സര്‍ക്കാരിന്റെ സന്ദേശങ്ങളായി അയക്കുന്നത് ഡാറ്റാ ചോര്‍ച്ചയായി വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശപരമാണെന്നും ഓഫീസ് വ്യക്തമാക്കി.
ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ രൂപീകരിക്കുന്ന എല്ലാ പദ്ധതികളെയും എതിര്‍ത്തുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം മുന്നോട്ടുപോകുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. സിഎം വിത്ത് മി, നവ കേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം തുടങ്ങിയവ നടപ്പാക്കിയപ്പോഴും ഇതേ രീതിയിലുള്ള എതിര്‍പ്പാണ് ഉയര്‍ത്തിയത്. ജനങ്ങള്‍ വിവരങ്ങള്‍ അറിയുന്നത് തടയാന്‍ ഉദ്ദേശിച്ചാണ് ഇപ്പോഴത്തെ എതിര്‍പ്പ്. അത് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നു എന്ന ഭീതിയുടെ പരസ്യ പ്രഖ്യാപനമാണ് എന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബന്ധപ്പെട്ട ആളുകളെ അറിയിക്കുന്നത് ഏതെങ്കിലും പ്രചാരണത്തിന്റെ ഭാഗമായല്ല, മറിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെയും ഓരോരുത്തരുടെയും അറിയാനുള്ള അവകാശത്തിന്റെയും ഭാഗമാണ്. അത് ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
സര്‍ക്കാര്‍ വകുപ്പുകളുടെ ഡാറ്റ ഏകീകരണം (Integrated Data Platform / State Data Lake) നടപ്പാക്കിയാല്‍ വ്യക്തിഗതമായി അറിയിപ്പുകള് നല്കാന് വലിയ രീതിയില്‍ സഹായിക്കും എന്നാണ് സര്‍ക്കാര്‍ കാണുന്നത്. കേന്ദ്ര സര്‍ക്കാരും ഇതര സംസ്ഥാന സര്‍ക്കാരുകളും ഇങ്ങനെ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി തന്നെയാണ് സന്ദേശങ്ങള്‍ പൗരന്മാര്ക്ക് കൈമാറുന്നത്. ഇവിടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഐടി മിഷന് ആണ്, ആ ഐടി മിഷന് നിയമപരമായി അതിന് ചുമതലപ്പെട്ട സര്‍ക്കാര്‍ സംവിധാനമാണ്. ഇ-ഗവര്‍ണന്‍സിന്റെ സംസ്ഥാന അപ്പക്സ് ഏജന്‍സിയാണ് അതെന്നും ഓഫീസ് കുറിപ്പിലൂടെ വ്യക്തമാക്കി.
Content Highlights: Chief Minister Office explanation over kerala government data leak allegation