തൃശൂർ: കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി ഗുരുവായൂരിലേക്ക് വോട്ട് മാറ്റിയത് കൃത്യമായ പദ്ധതികളോടെയെന്ന് വിലയിരുത്തൽ. 2031ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ ഗുരുവായൂർ മണ്ഡലം പിടിക്കാനുള്ള ബിജെപിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം എന്നാണ് വിലയിരുത്തൽ. നിലവിൽ തൃശൂർ എംപിയായ സുരേഷ് ഗോപിയുടെ കാലാവധി 2029ലാണ് അവസാനിക്കുക. അതുകൊണ്ടുതന്നെ തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ഗുരുവായൂരിൽ സ്ഥാനാർത്ഥിയാക്കാനും, അതുവഴി ക്ഷേത്രനഗരി പിടിക്കാനുമാകണം ബിജെപി ലക്ഷ്യം എന്നാണ് വിലയിരുത്തൽ.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിലാണ് സുരേഷ് ഗോപി വോട്ട് ചെയ്യുക. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് എംപിക്ക് വോട്ടുള്ളത്. 697-ാം നമ്പർ വോട്ടറായാണ് സുരേഷ് ഗോപിയുടെ പേര് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് അച്യുതം. ഫ്ലാറ്റ് സുരേഷ് ഗോപിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. കെ മുരളീധരൻ ഉൾപ്പെടെയുള്ളവർക്കും അച്യുതത്തിൽ ഫ്ലാറ്റ് ഉണ്ട്.
അതേസമയം, സുരേഷ് ഗോപി ഗുരുവായൂരിൽ വോട്ട് ചേർത്തത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിഷയത്തിൽ രൂക്ഷവിമർശനവുമായി തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് രംഗത്തെത്തിയിരുന്നു. കാർ വാങ്ങിയപ്പോൾ സുരേഷ് ഗോപി പോണ്ടിച്ചേരിക്കാരനായിരുന്നു, പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരുകാരനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരംകാരനുമായി എന്നാണ് ജോസഫ് ടാജറ്റ് പരിഹസിച്ചത്. തൃശൂരിലെ ജനങ്ങളെ എംപി നിരന്തരമായി നാണം കെടുത്തുകയാണ് എന്നും ബിജെപി അദ്ദേഹത്തെ തിരുത്താൻ തയ്യാറാകണമെന്നും ജോസഫ് ടാജറ്റ് വിമർശിച്ചിരുന്നു.
കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അനിൽ അക്കരയും സുരേഷ് ഗോപിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. 'കുമ്പിടിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ, രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരു വർഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ കുടുംബസമേതമല്ല ഒറ്റക്കാണ്. സമ്മതിക്കണം ഇദ്ദേഹത്തിനെ.' എന്നായിരുന്നു അനിൽ അക്കരയുടെ പരിഹാസം.
Content Highlights: Political analysts suggest that central minister and Thrissur MP Suresh Gopi’s recent efforts to shift votes in Guruvayoor are part of a calculated BJP strategy. The move is seen as an early attempt to strengthen the party’s position in the constituency ahead of the 2031 Kerala Legislative Assembly elections.