സംസ്ഥാനത്ത് നാലുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും

ബം​ഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദമാണ് മഴക്ക് കാരണം

തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദമാണ് മഴക്ക് കാരണം.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം വടക്ക്-കിഴക്ക് ദിശയില്‍ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ക്രമേണ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരള തീരത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ സംസ്ഥാനത്ത് പകൽസമയത്ത് ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ജാ​ഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Content Highlihgt : Rain with thunderstorms to continue in the state for another four days

To advertise here,contact us