പത്തനംതിട്ട ഇൻ; അതിവേഗ റെയിലിൽ പുതുക്കിയ റിപ്പോർട്ടുമായി ഇ ശ്രീധരൻ

പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കാൻ സഹായിക്കുമെന്ന് വിലയിരുത്തുന്ന പദ്ധതിയാണിത്

പൊന്നാനി: അതിവേഗ റെയിൽ പദ്ധതിയിൽ പുതുക്കിയ റിപ്പോർട്ടുമായി മെട്രോമാൻ ഇ ശ്രീധരൻ. തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ പത്തനംതിട്ടയെയും ഉൾപ്പെടുത്തിയാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. യാത്രാസമയത്തിനൊപ്പം പദ്ധതിയുടെ ചെലവും കുറച്ചാണ് പുതിയ റിപ്പോർട്ട്. 54,000കോടിയാകും പദ്ധതി ചെലവ്. മൂന്നു മണിക്കൂറും 20മിനിറ്റും കൊണ്ട് തിരുവനന്തപുരത്ത് നിന്നും കണ്ണൂർ എത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. പുതുക്കിയ റിപ്പോർട്ടിന്റെ വിശദ വിവരങ്ങൾ 10.30ന് പൊന്നാനിയിലെ ഓഫീസിൽവെച്ച് പുറത്ത് വിടും.

മുമ്പ് മലപ്പുറം പദ്ധതിയുടെ ഭാഗമാകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പമാണ് ഇപ്പോൾ പത്തനംതിട്ടയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പ്രധാന ഇടങ്ങളെയും ഉൾപ്പെടുന്ന തരത്തിൽ 22ഓളം സ്‌റ്റോപ്പുകൾ ഉൾപ്പെടുത്തിയാണ് റൂട്ട് ക്രമീകരണം നടത്തിയിരുന്നത്. ഇതിലേക്കാണ് അടൂരും ചെങ്ങന്നൂരും ഉൾപ്പെടുത്തിയിരിക്കുന്നത്. തൂണുകളിലൂടെയുള്ള (elevated) പാതകൾ 70%, തുരങ്കങ്ങൾ 20% (tunnels) എന്നിവ കൂടുതലായി ഉൾപ്പെടുത്തിയതിനാൽ ഭൂമി ഏറ്റെടുക്കൽ കുറയ്ക്കുന്നതിനൊപ്പം നിർമാണ വേഗത വർധിപ്പിക്കുകയും ചെയ്യും. ഇതാണ് പദ്ധതി ചെലവ് കുറയാൻ കാരണം. ബാക്കി പത്ത് ശതമാനം മാത്രമാണ് ഗ്രൗണ്ടിലൂടെയുള്ള പാതയായിട്ടുള്ളു.

കേന്ദ്ര റെയിൽവേ മന്ത്രിയുടെ വാക്കാലുള്ള സമ്മതപ്രകാരമാണ് ഡിഎംആർസി പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നാണ് ഇ ശ്രീധരൻ പറയുന്നത്. മൂന്ന് മാസത്തിനുള്ളിൽ പദ്ധതിയുടെ ഫീൽഡ് സർവേ പൂർത്തിയാക്കാനാണ് നീക്കം.

പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കാൻ സഹായിക്കുമെന്ന് വിലയിരുത്തുന്ന പദ്ധതിയാണിത്. എലവേറ്റഡ് പാതകൾക്കായി ഏറ്റെടുക്കുന്ന ഭൂമിയിൽ തൂണുകൾക്ക് താഴെയായുള്ള ഇടങ്ങൾ പാട്ടത്തിന് കൊടുക്കാനുള്ള ശുപാർശകളും പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ഇ ശ്രീധരൻ അടക്കം നേരിട്ട് ജനങ്ങളുമായി സംവദിക്കുമെന്നുമാണ് വിവരം. എട്ടു കോച്ചുകളുമായി 560 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ട്രെയിൻ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാകും സഞ്ചരിക്കുക. നിലവിൽ കണ്ണൂർ വരെ മാത്രം നിശ്ചയിച്ചിരിക്കുന്ന പദ്ധതി കാസർകോടേക്കും അവിടെ നിന്ന് മംഗളുരുവിലേക്കും നീട്ടാം.

Content Highlights: Metroman E Sreedharan to explain the new high speed rail project report, including proposed details for the Pathanamthitta corridor

To advertise here,contact us